വര: വിനീത്​ എസ്​. പിള്ള

ഹലോ... ഹലോ... മൈക്ക് ടെസ്​റ്റ്....

മാനന്തവാടി: തെരഞ്ഞെടുപ്പിന് തിരശ്ശീല ഉയര്‍ന്നതോടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉപകരണങ്ങൾ പൊടിതട്ടി വൃത്തിയാക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. കോവിഡിനെ തുടർന്ന് പൊതുപരിപാടികൾ ഇല്ലാതായതോടെ കടുത്ത പ്രതിസന്ധിയിലായ തൊഴിലാളികൾ വലിയ പ്രതീക്ഷയോടെയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ കാണുന്നത്.

എട്ടു മാസമായി പണിയൊന്നും ഇല്ലാതിരുന്നതിനാൽ പലരും മറ്റു തൊഴിൽതേടി പോയിരുന്നു. ഇവരെല്ലാം തിരിച്ചുവന്ന് ഉപകരണങ്ങൾ തുടച്ചു മിനുക്കുന്ന തിരക്കിലാണ്. പൊതുപരിപാടികളിലും ഉത്സവ നഗരകളിലും മുഴങ്ങിക്കേട്ടിരുന്ന ശബ്​ദവും വെളിച്ചവും കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് നിലച്ചത്. ഉത്സവ സീസണുകളടക്കം ഇതോടെ നഷ്​ടപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളായിരുന്നു കടക്കുള്ളിൽ പൂട്ടി വെച്ചിരുന്നത്. പല ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എലി ഉൾപ്പെടെയുള്ള ജീവികൾ നശിപ്പിച്ചത് വേറെയും. ജില്ലയിൽ 230ഓളം ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പുകളാണുള്ളത്. 3000ത്തോളം തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയവരാണ്.

ഇവർ തൊഴിലില്ലാതെ ദുരിതം പേറുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ പ്രതീക്ഷയോടെ എല്ലാം പൊടിതട്ടിയെടുക്കുകയാണ്. രാഷ്​ട്രീയ പാർട്ടി നേതാക്കളും സ്ഥാനാർഥികളും കടകളിലെത്തി ബുക്കിങ് ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. എന്തായാലും പ്രധാന സീസണിൽ തൊഴിൽ നഷ്​ടപ്പെട്ട മേഖലക്ക് ഈ തെരഞ്ഞെടുപ്പ് ചെറിയൊരു ആശ്വാസമാകും. എന്നാൽ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കൃത്യമായി വന്നിട്ടില്ല. പൊതുപരിപാടികള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രചാരണ വാഹനങ്ങൾക്കാകും ഇത്തവണ ആവശ്യക്കാരേറെ. നിയന്ത്രണങ്ങളോടെ ഉച്ചഭാഷിണി വാഹനങ്ങൾക്ക് അനുമതി ലഭിക്കുമെന്നും അതിലൂടെ കോവിഡ്കാല പ്രതിസന്ധി അതിജീവിക്കാൻ കഴിയുമെന്നുമാണ് ഇവരുടെ കണക്കുകൂട്ടൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.