മാനന്തവാടി: ഒന്നര മാസം ഭീതി വിതച്ച് പനവല്ലിയില്‍ ചൊവ്വാഴ്ച കൂട്ടിലകപ്പെട്ട പത്ത് വയസ്സുള്ള കടുവയുടെ പല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിതായും വലത് കണ്ണിന് കാഴ്ചക്കുറവുള്ളതായും ഇടതു കൈയുടെ മുകള്‍ഭാഗത്ത് മുറിവുള്ളതായും ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി.
മൂന്ന് മാസം മുമ്പ് ഇതേ ഭാഗത്ത് നിന്ന്പിടികൂടി ഉള്‍വനത്തില്‍ വിട്ടയച്ച കടുവ തന്നെയാണ് ഇപ്പോൾ പിടികൂടിയ കടുവയെന്നും സ്ഥിരീകരിച്ചു. പനവല്ലിയിലും സമീപപ്രദേശങ്ങളിലും കടുവശല്യം രൂക്ഷമാവുകയും മൂന്ന് വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ഓട്ടോറിക്ഷ, ബൈക്ക് എന്നീ വാഹനങ്ങള്‍ക്ക് മുമ്പില്‍ ചാടുകയും ചെയ്ത കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തുകയും പനവല്ലി ആദണ്ഡക്കുന്നില്‍ ഉൾപ്പെടെ മൂന്നിടങ്ങളിൽ കൂട് സ്ഥാപിക്കുകയും ചെയ്തതിരുന്നു.
പുഴക്കരയിൽ വീടിനുള്ളില്‍ പോലും കടുവയെത്തിയതോടെ പ്രതിഷേധം ശകതമാവുകയും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കടുവയെ മയക്ക് വെടിവെച്ച് പിടികൂടാന്‍ ഉത്തരവ് നല്‍കുകയുമായിരുന്നു. രണ്ട് ദിവസം തിരച്ചില്‍ നടത്തിയിട്ടും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച രാത്രി കടുവ കൂട്ടിലായത്.
കഴിഞ്ഞ ജൂണ്‍ 23 ന് പെണ്‍കടുവ കൂട്ടില്‍ കുടുങ്ങുകയും ഈ കടുവയെ ഉള്‍വനത്തില്‍ വിട്ടയച്ചതായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഈ കടുവയാണ് ഒന്നരമാസത്തിന് ശേഷം വീണ്ടും പനവല്ലിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
2016 ലെ സെന്‍സസില്‍ ഈ കടുവക്ക് നോര്‍ത്ത് വയനാട് 5 (എന്‍ ഡബ്ല്യു5) എന്ന് നാമകരണവും നല്‍കിയിരുന്നു. ജൂണ്‍ 23ന് കടുവ കൂട്ടില്‍ കുടുങ്ങിയ സ്ഥലത്ത് നിന്നും 200 മീറ്റര്‍ മാത്രം അകലെ സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി ഇതേ കടുവ വീണ്ടും കുടുങ്ങിയത്. വനത്തില്‍ നിന്നും ചത്തനിലയില്‍ കണ്ടെത്തിയ മാനിനെയാണ് ഇരയായി കൂട്ടില്‍ കെട്ടിയിരുന്നത്.
ചൊവ്വാഴ്ച രാത്രി കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തടഞ്ഞത് അല്‍പ്പ നേരം സംഘര്‍ഷത്തിനിടയാക്കിയിരുന്നു. കടുവയെ തുറന്ന് വിടില്ലെന്ന് നോര്‍ത്ത് വയനാട് ഡി. എഫ്.ഒ മാർട്ടിൻ ലോവൽ ഉറപ്പ് നല്‍കിയതൊടെ രംഗം ശാന്തമാവുകയായിരുന്നു.
കടുവ കൂട്ടിലകപ്പെട്ടതറിഞ്ഞ് കാണാന്‍ എത്തിയവര്‍ തമ്മിലും നേരത്തേ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. രാത്രി 11 മണിയോടെയാണ് കടുവയുമായുള്ള വാഹനം കാട്ടിക്കുളത്ത് നിന്നും കുപ്പാടി ആനിമല്‍ ഹോസ്പിസ് ആൻഡ് പാലിയേറ്റിവ് കെയര്‍ സെന്ററിലേക്ക് തിരിച്ചത്.
കടുവയെ വനത്തില്‍ തുറന്ന് വിടില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി രണ്ട് വാഹനങ്ങളിലായി നാട്ടുകാരും അനുഗമിച്ചിരുന്നു. വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച് എക്സ്പേര്‍ട്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കടുവയെ ഉള്‍വനത്തില്‍ തുറന്ന് വിടുന്ന കാര്യത്തില്‍ വനം വകുപ്പ് അന്തിമ തീരുമാനമെടുക്കുകയുള്ളൂ എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.