മാനന്തവാടി: നാടിന് സമാധാന സന്ദേശവുമായി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ക്രിസ്മസ് ആഘോഷം. മാനന്തവാടിയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരും യാത്രക്കാരുമാണ് ആഘോഷം സംഘടിപ്പിച്ചത്. മാനന്തവാടി-പൂക്കോട് വെറ്ററിനറി കോളജ് ബോണ്ട് രണ്ട്, കൽപറ്റയിലേക്കുള്ള ബോണ്ട് ഒന്ന് ബസുകളിലാണ് പുൽക്കൂടൊരുക്കിയും കേക്കുമുറിച്ചും ക്രിസ്മസ് സമ്മാനങ്ങൾ കൈമാറിയും വേറിട്ട ആഘോഷം സംഘടിപ്പിച്ചത്.
ഈ ബസുകളിലെ യാത്രക്കാരും ജീവനക്കാരും രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത്. തിങ്കളാഴ്ച രാവിലെതന്നെ ജീവനക്കാരും യാത്രക്കാരുമെത്തി ബസ് അലങ്കരിക്കുകയും പുൽക്കൂടൊരുക്കുകയും ചെയ്തു. ആഘോഷത്തിന് മാറ്റുകൂട്ടാൻ പ്രത്യേക ഡ്രസ് കോഡും ഇവർ പാലിച്ചിരുന്നു. രാവിലെ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോ സൂപ്രണ്ട് സുധീർ റാം ഉദ്ഘാടനം ചെയ്തു. തുടർന്ന് എല്ലാവരും ചേർന്ന് അദ്ദേഹത്തിന് ഉപഹാരം കൈമാറി.
പിന്നീട് ഏവരും ക്രിസ്മസ് ഗിഫ്റ്റുകൾ പങ്കുവെച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരായ അൻവർ സാദിഖ്, ഗിരീഷ്, ദിനേശൻ വിജയനാഥ്, കെ. പ്രസാദ്, ദീപക് എന്നിവരും സ്ഥിരം യാത്രികരും വിവിധ സർക്കാർ സ്ഥാപങ്ങളിലെ ജീവനക്കാരുമായ ജാസ്മിൻ, ആശാലക്ഷ്മി, വിയു ജോൺസൻ, ലീന, അജിത് എന്നിവരുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.