മാനന്തവാടി: തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച തൊഴുത്തിന് ഒന്നര വർഷം കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് പരാതി. തവിഞ്ഞാൽ പഞ്ചായത്തിലെ വരയാൽ എടലമുട്ടിൽ സുനിത രാമകൃഷ്ണനാണ് ഇതുവരെ തുക ലഭിക്കാതെ ദുരിതത്തിലായത്. 2019 ലാണ് ഇവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പശു തൊഴുത്ത് അനുവദിച്ചത്. 88,000 രൂപയാണ് അടങ്കൽ തുക.
തൊഴുത്തിെൻറ നിർമാണം പൂർത്തിയാക്കിയാൽ മാത്രമെ തുക ലഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇവർ പലരോടും കടം വാങ്ങി അധികൃതർ നിർദേശിച്ച രീതിയിൽ തൊഴുത്ത് നിർമിച്ചു.
ആവശ്യപ്പെട്ട രേഖകൾ നേരത്തെ തന്നെ തവിഞ്ഞാൽ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ ഹാജരാക്കി. എന്നാൽ, പണിക്കൂലിയിനത്തിലുള്ള തുകയിൽ 16,000 രൂപ മാത്രമാണ് ഇതുവരെ ഇവർക്ക് ലഭിച്ചത്. ഈ തുക തന്നെ തൊഴുത്ത് നിർമാണം കഴിഞ്ഞ് ആറു മാസത്തിന് ശേഷമാണ് ലഭിച്ചത്. ബാക്കി തുക ബാങ്ക് അക്കൗണ്ടിൽ ഉടൻ എത്തുമെന്ന് തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. വർഷം ഒന്നര കഴിഞ്ഞിട്ടും പണം കിട്ടിയില്ല.
പണം ലഭിക്കാത്തത് കാരണം കടംവാങ്ങിയത് തിരിച്ചു കൊടുക്കാനാകാതെ ഈ കുടുംബം ഇപ്പോൾ ഉഴലുകയാണ്. തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴുത്ത് നിർമാണത്തിന് തുക അനുവദിച്ച ഒട്ടേറെ കുടുംബങ്ങൾക്ക് സമാന സ്ഥിതിയുണ്ടെന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.