മാനന്തവാടി: വെള്ളമുണ്ട-പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകൾ അതിരിടുന്ന പുതുശ്ശേരി - കക്കടവ് പുഴയിൽ മാലിന്യം തള്ളുന്നത് പതിവായി. പുഴയുടെ ഉത്ഭസ്ഥാനത്ത് ബാണാസുര അണക്കെട്ട് വന്നതോടെയാണ് ശനിദശ ആരംഭിക്കുന്നത്. പുഴയുടെ നീരൊഴുക്ക് നിലച്ചതോടെ, മണൽ മാഫിയകളുടെ അഴിഞ്ഞാട്ടത്തിന് വിധേയമായി പുഴ സർവനാശത്തിലേക്ക് എത്തുകയായിരുന്നു.
പ്രകൃതിയുടെ ജലസംഭരണികളെന്ന് വാഴ്ത്തപ്പെടുന്ന നെൽപ്പാടങ്ങൾ കൂടി മണ്ണിട്ട് നികത്തിയതോടെ നിരവധി കുടുംബങ്ങൾ കുടിനീരിനായി ആശ്രയിക്കുന്നത് പാരമ്പര്യ ജല സ്രോതസ്സുകളെയാണ്. ഈ പുഴയിലേക്കാണ് സാമൂഹിക ദ്രോഹികൾ മാലിന്യം നിർബാധം തള്ളിക്കൊണ്ടിരിക്കുന്നത്. പുഴയോരങ്ങളിൽ കോഴി മാലിന്യം, പ്ലാസ്റ്റിക് മാലിന്യം, കെട്ടിട നിർമാണ അവശിഷ്ടങ്ങൾ തുടങ്ങി സകലതും തള്ളുന്നത്. പുതുശ്ശേരി കടവ് പാലത്തിന് സമീപം പുഴയിലേക്ക് നീരൊഴുക്ക് എത്തുന്ന തോട്ടിലും വൻതോതിൽ മാലിന്യം തള്ളിക്കൊണ്ടിരിക്കുകയാണ്.
പുഴ നിറയെ പ്ലാസ്റ്റിക് മാലിന്യമാണ്. ചാക്കിൽ കെട്ടി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക്കും കുപ്പികളും മറ്റു ഭക്ഷ്യ പദാർഥ പാക്കറ്റുകളും ഉറവിടങ്ങളിൽ തന്നെ നിരോധിക്കാനുള്ള നിയമനിർമാണം അടിയന്തരമായി ഉണ്ടാകണമെന്നും സാമൂഹിക ദ്രോഹികൾക്കെതിരെ നടപടി കൈക്കൊള്ളണമെന്നും പാലിയണ പൗരസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.