മാനന്തവാടി: പലവിധ പ്രതീക്ഷകളോടെയാണ് മാനന്തവാടി നഗരത്തോട് ചേർന്ന താഴെയങ്ങാടിയിൽ മൂന്നു കർഷകർ വാഴകൃഷി ചെയ്തത്. കുല വെട്ടാൻ വെറും മൂന്നു മാസം ശേഷിക്കേയാണ് അപ്രതീക്ഷിതമായി തണ്ണീർ കൊമ്പനെന്ന കാട്ടാന തോട്ടത്തിലെത്തി വാഴ നശിപ്പിച്ചത്. ഇതിനിടയിലാണ് അതിന് കാരണക്കാരനായ ആനയുടെ പെട്ടെന്നുള്ള വിടവാങ്ങൽ. ഇതിൽ ഏറെ ദുഃഖത്തിലാണ് പ്രദേശവാസികൾ. മാനന്തവാടിക്കാരുടെ ഹൃദയത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന ആനയുടെ വേർപാട് വേദനയോടെയാണ് എല്ലാവരും ഉൾക്കൊള്ളുന്നത്. അതേ മാനസികാവസ്ഥയിൽ തന്നെയാണ് വാഴ നശിപ്പിക്കപ്പെട്ട കർഷകരും.
കണിയാരം ഫാ. ജി.കെ.എം ഹൈസ്കൂളിനു സമീപത്തു താമസിക്കുന്ന താഴെയങ്ങാടിയിലെ ഷാജിർ പടയൻ, എടവക പാണ്ടിക്കടവ് ചാമാടിപ്പൊയിൽ തേക്കുംകുടി മത്തായി, എടവക പാണ്ടിക്കടവിലെ പുത്തൻപുരയിൽ രാജൻ എന്നിവരുടെ വാഴകൃഷിയാണ് ഒറ്റ തിരിഞ്ഞെത്തിയ കാട്ടുകൊമ്പൻ ചവിട്ടിമെതിച്ചത്. പാട്ടത്തിനെടുത്താണ് മൂവരും കൃഷി ചെയ്തത്.
മത്തായി കൃഷി ചെയ്ത 450 വാഴകളിൽ 150 എണ്ണവും രാജൻ കൃഷി ചെയ്ത 700 വാഴകളിൽ ഇരുന്നൂറെണ്ണവും ഷാജിറിന്റെ 1000 വാഴകളിൽ അമ്പതെണ്ണവും കാട്ടാന നശിപ്പിച്ചു. വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ വാഴ ആന നശിപ്പിച്ചതിൽ സങ്കടമുണ്ടെങ്കിലും ആനയുടെ വേർപാടാണ് ഏറ്റവും സങ്കടമുണ്ടാക്കുന്നതെന്ന് മൂവരും പറഞ്ഞു. വാഴത്തോട്ടത്തിലും സമീപത്തെ ചതുപ്പിലും നിലയുറപ്പിച്ച കാട്ടാനയെ മയക്കുവെടിവെച്ച് രാത്രി പത്തരയോടെയാണ് ഇവിടെനിന്നു മാറ്റിയത്. അർഹമായ നഷ്ടപരിഹാരം വനംവകുപ്പിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.