മാനന്തവാടി: 2018ല്‍ ഉരുള്‍പൊട്ടലുണ്ടായി നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലത്ത് വീണ്ടും ടാര്‍ മിക്സിങ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൊണ്ടര്‍നാട് കോറോം സെന്റ് മേരീസ് ക്വാറിയില്‍ ടാര്‍ മിക്സിങ് പ്ലാന്റ് തുടങ്ങാനുള്ള നീക്കമാണ് നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞത്. സര്‍ക്കാറിന്റെ കെ. സ്വിഫ്റ്റ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്ത് പോലും അറിയാതെ പ്ലാന്റിന് ഇടക്കാലത്ത് വ്യവസായ വകുപ്പില്‍ നിന്നും അനുമതി നേടിയത്.
ഏതാനും വര്‍ഷം മുമ്പ് ഇതിലൂടെയുള്ള ഭാരവാഹനങ്ങള്‍ക്ക് പി.ഡബ്ല്യു.ഡി വിലക്കേര്‍പ്പെടുത്തിയതാണ്. എന്നാല്‍, നാട്ടുകാരറിയാതെ വ്യാജ ഒപ്പിട്ട് കലക്ടറെ തെറ്റിദ്ധരിപ്പിച്ച് പ്ലാന്റുടമ വിലക്ക് പിന്‍വലിപ്പിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെതിരെ അവർ നല്കിയ പരാതിയില്‍ വിലക്ക് തുടരുന്നതായി പൊതുമരാമത്ത് വകുപ്പ് പൊലീസില്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, നാട്ടുകാര്‍ വാഹനം തടയാതിരിക്കാനായി സംരക്ഷണമാവശ്യപ്പെട്ട് പ്ലാന്റുടമ ഹൈകോടതിയില്‍ ഹരജി നല്‍കുകയും സംരക്ഷണം നല്കാന് പൊലീസിന് നിര്‍ദേശം നല്‍കുകുയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ സമരസമിതി ഹൈകോടതിയില്‍ നല്കിയ ഹരജിയില്‍ വ്യവസായ വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച പ്ലാന്റില്‍ നിന്നും ഹോട്ട് മിക്സ് റോഡ് വഴി കൊണ്ടുപോവുന്നത് നാട്ടുകാര്‍ തടഞ്ഞത്. തൊണ്ടർനാട് എസ്.എച്ച്.ഒ അജീഷിന്റെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.
തൊണ്ടര്‍നാട് പഞ്ചായത്തിലെ രണ്ടു റോഡുകളുടെ ടാറിങ് പൂര്‍ത്തീകരിക്കാന്‍മാത്രം രണ്ടുദിവസത്തേക്ക് ഹോട്ട് മിക്സിങ് കൊണ്ടുപോവാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം ആക്ഷന്‍
കമ്മിറ്റി അംഗീകരിച്ച് താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
പി.എ. ബാബു, അരവിന്ദാക്ഷന്, എം.എം. ചന്തു, സമര സമിതി അംഗങ്ങളായ വി. ഹാരിസ്, മുസമ്മില്‍ റാഷിദ്, കെ.സി. അസീസ്, എ.സി. ഹാഷിം, വേണു മുള്ളോട്ട് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.