മാനന്തവാടി: ജനവാസ കേന്ദ്രത്തിൽ അപ്രതീക്ഷിതമായി കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഒരു പകലും രാത്രിയും ഒരു പ്രദേശമാകെ നിമിഷങ്ങൾ തള്ളിനീക്കിയത് ഭീതിയുടെ നിഴലിൽ.
ഒടുവിൽ കടുവ വലയിലായതോടെയാണ് കല്ലിയോട് പ്രദേശക്കാർക്ക് ആശ്വാസമായത്. മാനന്തവാടി നഗരസഭയിലെ നാലാം ഡിവിഷനിലെ കല്ലിയോട് പള്ളിക്ക് സമീപത്തെ തേയിലത്തോട്ടത്തിലാണ് ബുധനാഴ്ച രാവിലെ 10.30ഓടെ കടുവയെ നാട്ടുകാർ കണ്ടത്.
വിവരമറിഞ്ഞ് ജില്ലയിലെ ഉന്നത വനപാലക സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കടുവയെ തുരത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെ നാട്ടുകാർ വനപാലകർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ മയക്കുവെടി വെച്ച് പിടികൂടുമെന്ന് ഉറപ്പ് ലഭിച്ചതോടെ വനപാലകർക്കൊപ്പം നാട്ടുകാർ നിരീക്ഷണത്തിനായി ഉറക്കമിളച്ചു.
കൗൺസിലർ ബാബു പുളിക്കന്റെ നേതൃത്വത്തിൽ ജനങ്ങൾ വനപാലകർക്കൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായി. വ്യാഴാഴ്ച രാവിലെ 11ന് മയക്കുവെടി വെക്കാനുള്ള നടപടി ആരംഭിച്ചതോടെ ജനം പൂർണമായി പൊലീസ് നിർദേശം അനുസരിച്ച് വനം വകുപ്പിനോട് സഹകരിച്ചു. ഉച്ചക്ക് 12.30ഓടെ കടുവയെ പിടികൂടി വനപാലകർ സ്ഥലത്തുനിന്ന് മടങ്ങിയതോടെയാണ് നാട്ടുകാർ നെടുവീർപ്പ് വിട്ടത്.
നാലു വയസ്സുള്ള ആൺകടുവയെയാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ച് പിടികൂടിയത്.
സുൽത്താൻ ബത്തേരി: സംസ്ഥാനത്തെ ആദ്യത്തെ വന്യമൃഗ പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിൽ ആദ്യത്തെ അതിഥിയായി മാനന്തവാടിയെ വിറപ്പിച്ച കടുവ. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് ഈ കടുവയെ കുപ്പാടിയിൽ എത്തിച്ചത്. വലതുകൈക്ക് ചെറിയ പരിക്കുള്ളതിനാൽ ആദ്യം അതിനുള്ള ചികിത്സ കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കുപ്പാടി ഫോറസ്റ്റ് റേഞ്ച് അധികൃതർ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ വനം വകുപ്പ് സീനിയർ സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം മാനന്തവാടി ജെസ്സി കല്ലിയോട്ട് തേയിലത്തോട്ടത്തിൽനിന്നും മയക്കുവെടി വെച്ചാണ് കടുവയെ വലയിലാക്കിയത്.
മയക്കത്തിൽനിന്ന് ഉണരുന്നതിന് മുമ്പ് പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിലെത്തിക്കാനായിരുന്നു വനം വകുപ്പിന്റെ ശ്രമം.
പരിക്കേറ്റും അവശതയിലും എത്തുന്ന കടുവകൾക്കും പുലികൾക്കും ചികിത്സക്കും പരിചരണത്തിനുമായാണ് കുപ്പാടി നാലാംമൈലിൽ വന്യമൃഗ പാലിയേറ്റിവ് പരിചരണ കേന്ദ്രം തുടങ്ങിയത്. കഴിഞ്ഞ 26നായിരുന്നു ഉദ്ഘാടനം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ച് 1.14 കോടി രൂപ ചെലവിൽ രണ്ട് ഹെക്ടർ വനഭൂമിയിലാണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ചുറ്റും കിടങ്ങും സോളാർ വൈദ്യുതി വേലിയും നിർമിച്ചിട്ടുണ്ട്. ഒരേസമയം നാലു കടുവകളെയോ പുള്ളിപ്പുലികളെയോ ഇവിടെ സംരക്ഷിക്കാനാകും.
ചികിത്സയിൽ കഴിയുന്ന കടുവകളെയും പുള്ളിപ്പുലികളെയും അവയുടെ ആവാസവ്യവസ്ഥക്കു തുല്യമായ വനസമാന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ചുറ്റും ഉയരത്തിലുള്ള കമ്പിയഴികളുള്ളതും മുകൾവശം തുറന്നതുമാണ്.
സി.സി.ടി.വി സൗകര്യത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രം, വെറ്ററിനറി യൂനിറ്റ്, ഗോഡൗൺ, ജലവിതരണ സംവിധാനങ്ങൾ, ശുചിത്വ സംവിധാനങ്ങൾ എന്നിവയൊക്കെയുണ്ട്.
ചികിത്സ നടത്തുന്നതിന് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ, അസി. വെറ്ററിനറി ഓഫിസർ, ലാബ് അസിസ്റ്റന്റുമാർ എന്നിവരുടെയും ദ്രുതകർമസേനയുടെയും സേവനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.