മാനന്തവാടി: തങ്ങളുടെ മുന്നിലേക്ക് ചാടി വന്ന കടുവയെ കണ്ട് ഭയന്ന് വിറച്ച് കയമയും കുടുംബവും. ജീവൻ തിരിച്ചുകിട്ടിയതിൽ കുടുംബം ദൈവത്തോട് നന്ദി പറയുകയാണ്. പനവല്ലി പുഴക്കര കോളനിയിലെ കയമയും ഭാര്യവട്ടച്ചിയും വീട്ടു വരാന്തയിലിരുന്ന് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ വെറ്റില മുറുക്കുകയായിരുന്നു. പെട്ടെന്നാണ് നായയെ ഓടിച്ച് കടുവ വീട്ടിലേക്ക് കയറിയത്. ഈ സമയം മക്കളായ രാജേഷും രാഹുലും വീടിനകത്തുമായിരുന്നു.
കടുവയെ കണ്ടതോടെ ഒരാൾ വാതിലടക്കുകയും മറ്റൊരാൾ മച്ചിന് മുകളിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. താനും ഭാര്യയും എഴുന്നേറ്റ് മാറാൻ ശ്രമിക്കുന്നതിനിടെ കടുവ ഭാര്യയുടെ ശരീരത്തിൽ തട്ടി പുറത്തേക്ക് ചാടി ഓടുകയായിരുന്നെന്ന് കയമ പറഞ്ഞു. വിവരമറിഞ്ഞെത്തിയ അയൽവാസികൾ വീടിനകത്തെ നഖത്തിന്റെ കാൽപാട് കണ്ടാണ് കടുവയെന്ന് ഉറപ്പിച്ചത്. വനപാലകരും സ്ഥലത്തെത്തി. അടിയന്തരമായി കടുവയെ മയക്കുവെടി വെക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാനന്തവാടി: ഒരു പ്രദേശത്തെയാകെ ഒന്നരമാസമായി വിറപ്പിക്കുന്ന കടുവയെ പിടികൂടാൻ മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. കൂട്ടിൽ കയറാൻ പ്രേരിപ്പിക്കുന്ന ഇരയെ ഇടാതെ കടുവ എങ്ങനെ കൂട്ടിൽ കയറുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. ആദണ്ഡ, സർവ്വാണി, പുഴക്കര എന്നിവിടങ്ങളിലാണ് കൂട് സ്ഥാപിച്ചത്.
മൂന്ന് കൂട്ടിലും ഇരകളെ ഇടാതെയാണ് സ്ഥാപിച്ചത്. അതുകൊണ്ടു തന്നെ കടുവ കൂടിനെ തിരിഞ്ഞു നോകുപോലും ചെയ്തിട്ടില്ല. ഇതിനിടയിലാണ് ഒരു നായയെ കൂടി കഴിഞ്ഞ ദിവസം കാണാതായത്. ഇതോടെ വെള്ളിയാഴ്ച നാട്ടുകാർ വനപാലകരെ തടഞ്ഞുെവച്ചത് വലിയ ബഹളത്തിന് കാരണമായി. തിരുനെല്ലി പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.