മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നവര്‍ മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്ന് ദുരിതമനുഭവിക്കുന്നു. പകര്‍ച്ചപ്പനികള്‍ വ്യാപിച്ചതോടെ ഒ.പി ശീട്ടെടുക്കുന്നത് മുതല്‍ മരുന്ന് വാങ്ങിക്കുന്നത് വരെ നീണ്ട ക്യൂവിലാണിപ്പോൽ രോഗികൾ. ഇവിടങ്ങളിലൊന്നും ടോക്കണ്‍ സമ്പ്രദായമേര്പ്പെടുത്താത്തതാണ് രോഗികള്‍ക്ക് ദുരിതമാവുന്നത്. നിത്യേന ആയിരക്കണക്കിന് രോഗികളാണ് വയനാട് മെഡി. കോളജി ആശുപത്രിയിലെ ഒ.പി വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നത്.
ഇവരില്‍ വയോവൃദ്ധര്‍ മുതല്‍ കൈക്കുഞ്ഞുമായെത്തുന്ന അമ്മമാര്‍ വരെയുണ്ട്. ഒ.പി ശീട്ടെടുക്കാനുള്ള ക്യൂവില്‍ നില്‍ക്കുന്നത് മുതല്‍ ആരംഭിക്കും ഇവരുടെ ദുരിതം. നീണ്ട ക്യൂവിനൊടുവില്‍ ഒ.പി ശീട്ട് കിട്ടിക്കഴിഞ്ഞാല്‍ അടുത്ത ഊഴം ഡോക്ടറുടെ മുറിക്ക് മുന്നിലാണ്.
കൈക്കുഞ്ഞുമായി വരുന്നവരും വാർധക്യ സഹജമായ അസുഖവുമായി വരുന്നവരും ക്യൂവില്‍ നിന്ന് ഏറെ പ്രയാസപ്പെട്ടാണ് പരിശോധനക്കായി ഡോക്ടറുടെ മുന്നിലെത്തുന്നത്. പരിശോധനക്ക് ശേഷം മരുന്നിനുള്ള ശീട്ട് ലഭിച്ചാല്‍ ഫാര്‍മസിക്ക് മുന്നിലും മണിക്കൂറുകള്‍ ക്യൂവില്‍ തന്നെ നില്‍ക്കണം. ഇടുങ്ങിയ ഇടവഴയിലാണ് ഫാര്‍മസി സൗകര്യമുള്ളത്. അവശത അനുഭവപ്പെടുന്നര്‍ക്ക് ഇരിക്കാനാവശ്യമായ ഇരിപ്പിടം പോലും ഇവിടെയില്ല. ചുരുക്കത്തില്‍ പനി പിടിപെട്ട് മെഡി. കോളജ് ആശുപത്രിയിലെത്തിയാലും മരുന്ന് വാങ്ങി പുറത്തിറങ്ങണമെങ്കില്‍ മണിക്കൂറുകള്‍ ക്യൂ നിന്നേ മതിയാവൂ. താലൂക്ക് സി.എച്ച്.സികളില്‍ പോലും ടോക്കണ്‍ സമ്പ്രദായമേര്പ്പെടുത്തുമ്പോഴാണ് മെഡി. കോളജ ആശുപത്രിയില്‍ മാത്രം ഇത്തരം സംവിധാനമേര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകാത്തത്. ടോക്കണ്‍ സമ്പ്രദായമാക്കിയാല് ക്യൂവില്‍ മണിക്കൂറുകളോളമുള്ള രോഗികളുടെ കാത്തുനില്പ് ഒഴിവാക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.