പേര്യയിൽ വീണ്ടും മാവോവാദി സാന്നിധ്യം

മാനന്തവാടി: കണ്ണൂർ ജില്ലയോട് തൊട്ടുകിടക്കുന്ന തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യയിൽ വീണ്ടും മാവോവാദി സാന്നിധ്യം. പേര്യ 34ലെ ചോയിമൂല കോളനിയിലാണ് മൂന്നംഗ ആയുധധാരികളായ മാവോവാദി സംഘം എത്തിയത്. വ്യാഴാഴ്ച രാത്രി ഏഴോടെ കോളനിയിലെത്തിയ സംഘം മൂന്നു മണിക്കൂറിലധികം ചെലവഴിച്ചാണ് മടങ്ങിയത്.

ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. കോളനിയിലെ ബിജുവി​െൻറ വീട്ടിലാണ് ഇവർ എത്തിയത്. വിശപ്പുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടതോടെ ഇവർക്ക് വീട്ടുകാർ ഭക്ഷണം നൽകി. ഇതിനിടയിൽ ഇവർ കൊണ്ടുവന്ന ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്തു.

മൂവരും കന്നട കലർന്ന മലയാളത്തിലാണ് സംസാരിച്ചത്. വർഗീസ്, കവിത, മീര എന്നിങ്ങനെ പേരുകൾ പറഞ്ഞാണ് ഇവർ വീട്ടുകാരെ പരിചയപ്പെടുത്തിയത്. കൃഷി സംബന്ധിച്ചുള്ള കാര്യങ്ങളാണ് കൂടുതലും ഈ സംഘം വീട്ടുകാരോട് ചോദിച്ചറിഞ്ഞത്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി നൽകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ തയാറായില്ല. വളരെ സൗഹൃദപരമായി സംസാരിച്ച ഇവർ മാവോവാദി സംഘത്തിൽ ചേരാൻ താൽപര്യമുണ്ടോ എന്നും വീട്ടുകാരോട് ചോദിച്ചു.

താൽപര്യമില്ലെന്ന് അറിയിച്ചതോടെ തങ്ങളെ കൂടാതെ ഒരുസംഘം കാട്ടിലുണ്ടെന്നും അവർക്കായി അരിയും പലവ്യഞ്ജനങ്ങളും നൽകണമെന്നും ആവശ്യപ്പെട്ടു. കടുംപച്ച നിറത്തിലുള്ള പാൻറും ഷർട്ടും ധരിച്ച മൂന്നുപേരുടെയും പക്കൽ വലിയ തോക്കുകൾ ഉണ്ടായിരുന്നതായി ബിജു പറഞ്ഞു. വീട്ടുകാർക്ക് തോക്കുകൾ പരിശോധിക്കാൻ നൽകിയതിനൊപ്പം തോക്കി​െൻറ പ്രത്യേകതകളും സംഘം വിവരിച്ചു നൽകി. പിന്നീട് ഈ വീട്ടിൽ നിന്നും, കൂടാതെ തൊട്ടടുത്ത മറ്റു രണ്ട് വീട്ടിൽ നിന്നും അരിയും പച്ചക്കറികളും ശേഖരിച്ച് സംഘം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും കോളനിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ വർഷം ആഗസ്​റ്റ് 11ന് ഇതേ കോളനിയിൽ മാവോവാദി സംഘം എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.