മേപ്പാടി: പള്ളിക്കവല തിറയൻകുന്ന് പ്രദേശത്തെ കൊക്കോ കർഷകർക്ക് വാനരശല്യം വിനയാകുന്നു. കർഷകരാണ് കൃഷി നട്ടുവളർത്തുന്നതെങ്കിലും വിളവെടുക്കുന്നത് വാനരന്മാരാണ് എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. നീണ്ട ഇടവേളക്ക് ശേഷമാണ് കൊക്കോക്ക് വിപണിയിൽ ഭേദപ്പെട്ട വില വരുന്നത്.
എന്നാൽ, കുരങ്ങുകൾ കൂട്ടമായെത്തി കായകൾ കടിച്ചും മുറിച്ചും പറിച്ചെറിഞ്ഞും നശിപ്പിക്കുന്നു. ഇതിനാൽ വില വർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. ജയ്ഹിന്ദ് എസ്റ്റേറ്റിലടക്കം ഏകദേശം 15 ഓളം കർഷകരുടെ കൃഷിയിടത്തിലാണ് തിറയൻകുന്ന് പ്രദേശത്ത് കൊക്കോ കൃഷിയുള്ളത്. കി. ഗ്രാമിന് 1000-1200 രൂപ വരെ ഈ വർഷം കൊക്കോക്ക് വിപണിയിൽ വില വന്നു.
എന്നാ,ൽ പാകമായ കായകൾ ഏറിയ പങ്കും കർഷകർക്ക് കിട്ടുന്നില്ല. കുരങ്ങിൻ കൂട്ടമെത്തി കായകൾ കടിച്ചു പറിച്ചെറിഞ്ഞ് നശിപ്പിക്കുന്നു. കാപ്പി, വാഴക്കുല, തേങ്ങകൾ തുടങ്ങിയവയും കുരങ്ങു കൂട്ടം നശിപ്പിക്കുന്നുണ്ട്. കുരങ്ങുകൾ ‘സൗമനസ്യം’ കൊണ്ട് ഉപേക്ഷിച്ചു പോകുന്നവ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. പലരും മറ്റ് കൃഷികളോടൊപ്പം ഇടവിളയായിട്ടാണ് കൊക്കോ കൃഷി ചെയ്യുന്നത്.
വിലയില്ലാത്ത കാലയളവിലും ഇവിടെയുള്ള കർഷകർ കൊക്കോ ചെടികളെ പരിപാലിച്ചു പോന്നു. വിപണിയിൽ നല്ല വില വന്നപ്പോഴും അതിന്റെ ഗുണം അനുഭവിക്കാൻ കുരങ്ങുകൾ കർഷകരെ അനുവദിക്കുന്നില്ല. കുരങ്ങ് ശല്യത്തിന് പ്രതിവിധി കാണാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് തിറയൻകുന്നിലെ കൃഷിക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.