മേപ്പാടി: റോഡ് നവീകരണ പ്രവൃത്തി നടന്നപ്പോൾ പഞ്ചായത്ത് ജലവിതരണ പൈപ്പുകൾ പൊട്ടിയതിനെത്തുടർന്ന് ടൗണിലെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും പുനഃസ്ഥാപിക്കാൻ നടപടിയില്ല. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ജലവിതരണ പദ്ധതിയാണിവിടെ നിലവിലുള്ളത്. പ്രദേശത്തെ കുടുംബങ്ങൾ, ഹോട്ടലുകൾ തുടങ്ങി ഈ വെള്ളത്തെ ആശ്രയിച്ചിരുന്ന ടൗണിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ആറ്, ഏഴ് വാർഡുകളിലെ ജനങ്ങളാണ് കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടും പഞ്ചായത്തധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
ഓവുചാൽ പുതുക്കി നിർമിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചപ്പോൾ ജലവിതരണ പൈപ്പുകൾ പലതും പൊട്ടി. പൊതു ടാപ്പുകൾ പലതും ഉപയോഗശൂന്യമായി. തകർന്ന പൈപ്പുകൾ വഴി കുടിവെള്ളം പാഴായിപ്പോകുന്നതും പതിവ് കാഴ്ചയായി. എന്നിട്ടും അധികൃതർ അറിഞ്ഞതായി ഭാവിക്കുന്നില്ല. മാറ്റിസ്ഥാപിക്കാനുള്ള പൈപ്പ് കിട്ടാനില്ല എന്ന മറുപടിയാണ് അധികൃതരുമായി ബന്ധപ്പെടുമ്പോൾ ലഭിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വീടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ വെള്ളം ലഭിക്കുന്നില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. ജനങ്ങളുടെ പ്രാഥമികാവശ്യത്തിനുനേരെ പോലും മുഖം തിരിക്കുന്ന അധികൃതരുടെ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.