പനമരം: കീഞ്ഞുകടവിൽ അജൈവ മാലിന്യം കൊണ്ടുപോകുന്നത് നിർത്തലാക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കീഞ്ഞുകടവിലെ രണ്ട് ഏക്കർ വരുന്ന സ്ഥലത്ത് താൽക്കാലികമായി നിർമിച്ച കെട്ടിടത്തിലാണ് പഞ്ചായത്ത് ഹരിത കേരളം പദ്ധതി പ്രകാരം വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിച്ച അജൈവ മാലിന്യം വേർതിരിക്കാൻ കൊണ്ടുപോകുന്നത്. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലായിരുന്നു. രണ്ടാഴ്ചയായി പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു.
പ്രദേശവാസികളുടെ ശക്തമായ ചെറുത്തുനിൽപ്പാണ് സർവകക്ഷി യോഗത്തിൽ തീരുമാനം എളുപ്പമാക്കിയത്. കഴിഞ്ഞദിവസം പനമരം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും ആറു പേരെ കസ്റ്റഡിയിലെടുക്കുകയും വൈകീട്ടോടെ വിടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിച്ചത്. പനമരം പാലത്തിനു സമീപം കെ.ടി.ഡി.സി നിർമിച്ച 2500 സ്ക്വയർഫീറ്റുള്ള ഉപയോഗശൂന്യമായ കെട്ടിടത്തിൽ താൽക്കാലികമായി അജൈവ മാലിന്യം സൂക്ഷിക്കാനാണ് യോഗത്തിൽ തീരുമാനിച്ചത്. മാർച്ചോടെ മറ്റൊരു സ്ഥലം കണ്ടത്താനും തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ, മെംബർമാരായ ബെന്നി ചെറിയാൻ, സുനിൽ കുമാർ, ഷിജു, അബ്ദുൽ ജബ്ബാർ, ടി. ഖാലിദ്, അശ്റഫ് കോണിക്കൽ, ജയദേവൻ കീഞ്ഞുകടവ്, ദേവി കീഞ്ഞുകടവ്, ഗോപാലകൃഷ്ണൻ, സി.കെ. മുനീർ, അബ്ദുൽ റസാക്ക്, മെംബർ വാസു അമ്മാനി എന്നിവർ സംസാരിച്ചു.
യോഗത്തിൽ ടി.എം. ഉമ്മർ (സി.പി.എം), ബെന്നി അരിഞ്ചേറ്മല (കോൺഗ്രസ്), കെ. അബ്ദുൽ അസീസ് (മുസ്ലിം ലീഗ്), എം.സി. സെബാസ്റ്റ്യൻ (കേരള കോൺഗ്രസ്), ടി.പി. നൂറ്ദ്ദീൻ (എൻ.സി.പി), കെ.കെ. സമീർ (വെൽഫെയർ പാർട്ടി), എൻ. അസീം (ജെ.ഡി.എസ്), മഹേഷ് (സി.പി.ഐ), മാളു (ബി.ജെ.പി) എന്നിവർ പങ്കെടുത്തു. പ്രശ്നപരിഹാരമായതോടെ പ്രദേശവാസികൾ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.