പനമരം: തലക്ക് മുകളിലൂടെ മിസൈൽ ഹുങ്കാരശബ്ദത്തോടെ നീങ്ങുന്നത് കാണേണ്ടിവരുക, അഞ്ചുനാൾ ബങ്കറിൽ പ്രാണഭയത്തോടെ കഴിയുക, പ്രാണരക്ഷാർഥം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ വിദേശികളായതിനാൽ ട്രെയിനിൽ കയറാൻ അനുവദിക്കാതെ പുറത്തേക്ക് തള്ളിയിടുന്ന അവസ്ഥ... ഇങ്ങനെ ഒരുപാട് ദുരിതപർവങ്ങൾ താണ്ടിയാണ് സഹോദരങ്ങളായ ക്രിസ്റ്റീന ബെന്നും അലീന ബെന്നും യുക്രെയ്നിൽനിന്ന് നാട്ടിൽ തിരിച്ചെത്തിയത്. യുക്രെയ്നിലെ ഖാർകിവ് വി.എൻ കർസാൻ സർവകലാശാലയിലെ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ ക്രിസ്റ്റീനയും മൂന്നാംവർഷ വിദ്യാർഥിനിയായ അലീനയും യുദ്ധഭൂമിയിൽനിന്ന് തിരിച്ചെത്തിയതിന്റെ അനുഭവങ്ങൾ ഭയത്തോടെയും രോഷത്തോടെയുമാണ് വിവരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനാണ് ഇരുവരും പനമരത്തെ വീട്ടിലെത്തിയത്. ഇന്ത്യൻ എംബസിയിൽനിന്ന് വേണ്ടത്ര സഹായങ്ങൾ ലഭിച്ചില്ലെന്ന പരിഭവവും ഇവർക്കുണ്ട്.
മിസൈൽ ആക്രമണം രൂക്ഷമായതോടെ താമസിക്കുന്ന ഫ്ലാറ്റിന് അടുത്തുള്ള ഭൂഗർഭ മെട്രോ സ്റ്റേഷനിൽ ഇരുവരും അഭയം തേടുകയായിരുന്നു. സ്ഫോടന ശബ്ദംകേട്ട് ഭയത്തോടെ വെറും നിലത്തായിരുന്നു ആദ്യദിനം കിടത്തം. ഭക്ഷ്യവസ്തുക്കൾ ആദ്യമേ ഫ്ലാറ്റിൽ കരുതിവെച്ചത് രക്ഷയായി. മെട്രോ ബങ്കറിലും താമസിച്ച ഫ്ലാറ്റിന്റെ ബങ്കറിലുമായാണ് ദിവസങ്ങൾ തള്ളിനീക്കിയത്. യുദ്ധം കൂടുതൽ രൂക്ഷമാവുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് ഇവരും കൂട്ടുകാരും താമസസ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിലേക്ക് കാൽനടയായി പുറപ്പെട്ടത്. ആ സമയത്താണ് ഭീതിയുയർത്തി വൻ ശബ്ദത്തോടെ തലക്കുമുകളിലൂടെ മിസൈൽ കടന്നുപോയത്. മരണം മുന്നിൽകണ്ട നിമിഷത്തിൽ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് അലമുറയിടുകയായിരുന്നുവെന്ന് ഇരുവരും ഞെട്ടലോടെ ഓർക്കുന്നു.
ഇതോടെ താമസസ്ഥലത്തേക്ക് തിരിച്ചുപോയെങ്കിലും അവിടെ നിൽക്കുന്നത് കൂടുതൽ അപകടകരമാണെന്ന സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. കുറേ നടന്നും പിന്നീട് കൂടുതൽ പണം നൽകി ടാക്സിയിൽ കയറിയുമാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്.
ഹംഗറി അതിർത്തി ലക്ഷ്യംവെച്ച് നീങ്ങിയ ഇവർക്ക് റെയിൽവേ സ്റ്റേഷനിൽ തിക്താനുഭവങ്ങളാണ് നേരിടേണ്ടിവന്നത്. യുക്രെയ്നികളെ മാത്രമേ കയറ്റൂവെന്ന് പറഞ്ഞ് ഇന്ത്യക്കാരടക്കമുള്ളവരെ ട്രെയ്നിൽനിന്ന് തള്ളിയിടുകയായിരുന്നു. അവസാനം ഒരുപാട് മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് രാത്രി ട്രെയിനിൽ കയറാനായത്. ഓരോരുത്തരും 500 ഡോളർ വീതം നൽകണമെന്ന ഭീഷണിയും ഇവർ നേരിടേണ്ടിവന്നു. ട്രെയിനുകൾ മാറിക്കയറി ഹംഗറി അതിർത്തിയിലെത്തി. അവിടെ പരിശോധനകൾക്കും നീണ്ട കാത്തിരിപ്പിനുമൊടുവിൽ തലസ്ഥാനമായ ബുഡപെസ്റ്റിലേക്ക് പോവാൻ സാധിച്ചു. അവിടെ റൂമെടുത്ത ശേഷമാണ് വിമാനം ഉടനെയുണ്ടാവുമെന്നും തയാറാവാനും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചത്. തുടർന്ന് വിമാനത്തിൽ ഡൽഹിയിലും അവിടെ നിന്ന് കൊച്ചിയിലുമെത്തുകയായിരുന്നു. പനമരത്തേക്ക് കെ.എസ്.ആർ.ടി.സി ബസിലാണ് വന്നത്.
തിരിച്ച് നാട്ടിലേക്ക് പോവണമെന്ന കർശന നിർദേശം ആദ്യമേ എംബസി അധികൃതർ നൽകിയിരുന്നെങ്കിൽ ഈ ദുരിതങ്ങൾക്ക് ഇടവരില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു. പലപ്പോഴും വിളിച്ചാൽ ഫോൺ എടുത്തിരുന്നില്ലെന്നും ഇവർ ആരോപിച്ചു. പനമരം പഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം എം.സി. ചെറിയാൻ ബെന്നിയുടെയും ജോളി ബെന്നിയുടെയും മക്കളാണ്. സഹോദരി: ഡോ. ഡയാന ബെൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.