പനമരം: വെള്ളമുണ്ട മേഖലയിൽ ചൊവാഴ്ച ചുറ്റിത്തിരിഞ്ഞ കരടി ബുധനാഴ്ച പുലർച്ച കീഞ്ഞുകടവിൽ എത്തി. പുലർച്ച മൂന്നരക്ക് കരടിയെ കണ്ടതായി ബൈക്ക് യാത്രക്കാരൻ അറിയിച്ചതോടെ പനമരത്തും കരടി ഇറങ്ങിയതായി കാട്ടുതീ പോലെ വാർത്ത പരന്നു. വിവരമറിഞ്ഞ പ്രദേശവാസി ടി.പി. നൂർദ്ദീൻ തന്റെ കടയിൽ സ്ഥാപിച്ച സി.സി.ടി.വി പരിശോധിച്ചപ്പോൾ പനമരം ടൗണിൽ നിന്ന് 200 മീറ്റർ മാത്രം ദൂരമുള്ള കീഞ്ഞുകടവിലെ റോഡിലൂടെ കരടി നടന്നു വരുന്ന ദൃശ്യം കണ്ടത്.
രണ്ടു ദിവസമായി മാനന്തവാടി, വെള്ളമുണ്ട മേഖലകളിൽ രാത്രിയും പകലുമായി മുഴുവൻ ആളുകളെയും മുൾമുനയിൽ നിർത്തി കരടി കീഞ്ഞുകടവിലെത്തിയത്. കൊമ്മയാട് സെബാസ്റ്റ്യൻ പള്ളിയിലെ അടുക്കളയിൽ നിന്നും പഞ്ചാസരയും തിന്ന് കാക്കടവ് വയലിലൂടെ അഞ്ചുകുന്നു മാങ്കാണി സോമശേഖരന്റെ കടയിലും കയറി പഞ്ചസാരയും തിന്നാണ് വെളുപ്പിനു കീഞ്ഞുകടവിലെത്തുന്നത്.
വിവരംഅറിഞ്ഞതോടെ മാനന്തവാടിയിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും പനമരം പൊലീസും ടൗൺ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
കരടിയെ കണ്ടെത്താൻ കഴിയാതായതോടെ ഉച്ചയോടെ തിരച്ചിൽ നിർത്തി മടങ്ങുകയും ചെയ്തു. കീഞ്ഞുകടവിൽ നിന്നു പുഴ വശത്തേക്കിറങ്ങി ഇല്ലിക്കൂടുകളിൽ എവിടെയെങ്കിലും ഒളിച്ചതാകാനുള്ള സാധ്യതയാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച വാടോച്ചാലിലും മേച്ചേരിയിലും ജനവാസ മേഖലയിൽ എട്ട് കാട്ടാനകളാണ് എത്തിയത്. വനപാലകരും പൊലീസും നാട്ടുകാരും ചേർന്ന് വനത്തിലേക്ക് തുരത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.