പനമരം: അധികൃതരുടെ അനാസ്ഥയിൽ വർഷങ്ങളായി ലക്ഷക്കണക്കിനു രൂപ മുടക്കി നിർമിച്ച പഞ്ചായത്ത് കെട്ടിടങ്ങൾ കാടുപിടിച്ചു നശിക്കുന്നു. പനമരം പൊലീസ് സ്റ്റേഷന് സമീപത്തെ മത്സ്യ, മാംസ മാർക്കറ്റ് അടക്കമുള്ള കെട്ടിടമാണ് നശിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു പഞ്ചായത്തിനു കൈമാറിയ കെട്ടിടങ്ങളടക്കമുള്ളതാണിവ. മാർക്കറ്റ് നല്ലനിലയിൽ പ്രവർത്തിക്കുന്ന സമയത്താണ് സ്വകാര്യ മത്സ്യ, മാംസ മാർക്കറ്റിന് ടൗണിൽ അനുമതി നൽകിയത്.
ഇതോടെ പഞ്ചായത്ത് മാർക്കറ്റിൽ വ്യാപാരം കുറഞ്ഞു. പലരും വ്യാപാരം നിർത്തി. ആളുകൾ വരാതായാതോടെ കെട്ടിടം കാടുപിടിച്ചു. സാമൂഹിക വിരുദ്ധരുടെയും നായ്ക്കളുടെയും താവളമായി. മത്സ്യ, മാംസ മാർക്കറ്റിനു സമീപം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച് പഞ്ചായത്തിന് കൈമാറിയ കെട്ടിടത്തിലാണ് സഹകരണ വകുപ്പിന്റെ കീഴിൽ സൂപ്പർ മാർക്കറ്റ് പ്രവർത്തിച്ചത്. മാർക്കറ്റിൽ ആളുകൾ ഇല്ലാതായതോടെ അതും പൂട്ടി. 50,000 രൂപ പ്രതിമാസം ലഭിച്ചിരുന്ന മാർക്കറ്റ് പൂട്ടിയതോടെ പഞ്ചായത്തിനു നഷ്ടമായത് ലക്ഷങ്ങളുടെ വരുമാനമാണ്.
രണ്ട് വർഷം കൃഷിഭവന്റെ കീഴിൽ വിള ആരോഗ്യ ഇൻഷുറൻസ് ഓഫിസായി കെട്ടിടം പ്രവർത്തിച്ചു. അതും നിർത്തിയതോടെയാണ് കെട്ടിടം കാടുമൂടാൻ തുടങ്ങിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് സൗകര്യപ്രദമായ കെട്ടിടം ലഭിക്കാനില്ലാതെ പല ഓഫിസുകളും പനമരത്തിനു നഷ്ടപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.