പനമരം: മുസ്ലിം മഹല്ല് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ശ്മശാന ഭൂമിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പ്രവർത്തകരും മാധ്യമങ്ങളും വ്യാജ പ്രചാരണമാണ് നടത്തുന്നതെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ. ജുമുഅത്ത് പള്ളിയുടെ നിലവിലെ ശ്മശാനത്തിൽ മയ്യിത്ത് പരിപാലനം അസാധ്യമായതു കാരണം 1965ൽ നാട്ടുകാർ ചേർന്നു 10 സെന്റ് വീതം വിലക്കുവാങ്ങി പള്ളിയുടെ പേരിൽ വഖഫ് ചെയ്ത ഭൂമിയാണ് ചിലർ വിവാദമാക്കുന്നത്.
പനമരം-ബീനാച്ചി റോഡിൽ ഇരുഭാഗത്തായി ചെറുപുഴ പാലംവരെ വരുന്ന ഭൂമി വർഷങ്ങളായി പള്ളിയുടെ ഉടമസ്ഥതയിലാണ്. 1976ൽ ടൗൺ മുതൽ നടവയൽ പാലം വരെയുള്ള ഭാഗത്ത് റോഡ് നിർമിക്കാൻ ആവശ്യമായ മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയതും പനമരം ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയാണ്. തുടക്കത്തിൽ റോഡ് ഉയർത്തുന്നതിനു ആവശ്യമായ മണ്ണ് ആ സമയത്ത് പള്ളിയുടെ സ്ഥലത്തുനിന്നാണ് നൽകിയത്.
മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ താമര വളരുകയും പിന്നീട് താമരക്കുളമെന്ന് അറിയപ്പെടുകയുമായിരുന്നു. 2020ൽ ഇതേ സർവേ നമ്പറിൽപെട്ട സ്ഥലത്ത് മദ്റസയും പള്ളിയും നിർമിക്കുകയും ചെയ്തിരുന്നു. കാടുമൂടിയ വഖഫ് സ്ഥലം സാമൂഹികവിരുദ്ധർ താവളമാക്കിയതോടെയാണ് മഹല്ല് നിവാസികളും നാട്ടുകാരും ചേർന്ന് നന്നാക്കാൻ തുടങ്ങിയത്.
അന്നു മുതൽ പരിസ്ഥിതി പ്രവർത്തകരും ചില മാധ്യമങ്ങളും ചേർന്നു വ്യാജ വാർത്തകൾ മെനയുകയാണെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡി. അബ്ദുല്ല ഹാജി മാധ്യമത്തോട് പറഞ്ഞു. പള്ളിയുടെ സ്ഥലത്തിനു രജിസ്ട്രേഷനും പരിസ്ഥിതിലോല പ്രദേശമല്ല എന്നതടക്കമുള്ള രേഖകളുമുണ്ട്.
സ്ഥലത്ത് അധികൃതരുടെ അനുമതിയോടെ മണ്ണടിക്കുന്നത് അനധികൃതമായാണെന്ന് വരുത്തിത്തീർത്ത് വാർത്ത നൽകാനാണ് ഒരു ചാനൽ ശ്രമിച്ചത്.
ഇതാണ് കഴിഞ്ഞ ദിവസമുണ്ടായ പ്രശ്നത്തിന് കാരണമെന്നും മഹല്ല് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.