പനമരം: മഴയും വെയിലുമെന്ന വ്യത്യാസമില്ലാതെ എല്ലാ സമയത്തും ചക്കിട്ടയിലെ 40ഓളം കുടുംബങ്ങൾ യാത്രചെയ്യുന്നത് ഭീതിയോടെയാണ്. കോളനിയിലെത്താൻ പുഴക്കുകുറുകെ അപകടാവസ്ഥയിലുള്ള കവുങ്ങ് പാലം മാത്രമാണ് ഇവർക്ക് ആശ്രയം. വിദ്യാർഥികളടക്കമുള്ളവർ ജീവൻ പണയം വെച്ച് ശ്വാസമടക്കിപ്പിടിച്ചാണ് ഇതിലെ യാത്ര ചെയ്യുന്നത്.
മഴക്കാലത്ത് ഇവരുടെ ദുരിതം ഇരട്ടിക്കും. പനമരം പഞ്ചായത്തിലെ നടവയൽ ചക്കിട്ട കടവിൽ നരസി പുഴ കടക്കാൻ 25 അടി ഉയരമുള്ള കവുങ്ങ് നിരത്തിയ താൽകാലിക പാലമാണുള്ളത്. ചക്കിട്ടയിൽ താമസിക്കുന്ന നാൽപതോളം ആദിവാസി കുടുംബങ്ങളാണ് സാഹസികമായി ഇതിലെ യാത്രചെയ്യുന്നത്. രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ എടുത്തുകൊണ്ടുപോവേണ്ടിവരുന്നു.
പാറകൾക്ക് ഇടയിലാണ് പാലം. പാലത്തിനു അപകടം സംഭവിച്ചാൽ പാറയിലേക്കാണ് ആളുകൾ പതിക്കുക. നായ്ക്ക, ഊരാളി, പണിയ വിഭാഗങ്ങളിലെ കുടുംബങ്ങളാണ് പുഴക്കപ്പുറം താമസിക്കുന്നത്. നടവയൽ സ്കൂളിലേക്ക് ഉൾപ്പെടെയുള്ള വിദ്യാർഥികളും ഭയത്തോടെയാണ് ദിനേനെ പാലം കടക്കുന്നത്. നേരത്തേ, ചക്കിട്ട കടവിൽ പനമരം പഞ്ചായത്ത് താത്കാലിക പാലം നിർമിക്കാറുണ്ടായിരുന്നു. കുറെ വർഷങ്ങളായി പുഴകടക്കാൻ സംവിധാനമൊരുക്കാതെ അനങ്ങാപാറ നയം തുടരുകയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ചക്കിട്ട കടവിൽ സ്ഥിരം നടപ്പാലം നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.