പനമരം: പനമരം പഞ്ചായത്തിലെ പുതുര്‍ കോളനിയിലെ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അനാദരവ് കാണിച്ചതായി പരാതി. പുതൂര്‍ പണിയ കോളനിയിലെ അയ്യപ്പന് - തങ്കമണി ദമ്പതികളുടെ മകനായ അഭിജിത്ത് (19) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
എന്നാൽ, അഭിജിത്തിന്റെ ശരീരത്തിൽ ചികിത്സക്കായി ഘടിപ്പിച്ച ഇൻജക്ഷനും ഡ്രിപ്പിനുമുള്ള ഉപകരണങ്ങൾ നീക്കം ചെയ്യാതെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. വീട്ടിലെത്തിയ ശേഷമാണ് ബന്ധുക്കള്‍ ഇക്കാര്യമറിയുന്നത്. കൂടാതെ അരിവാള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സക്ക് ചെന്നപ്പോള്‍ വേണ്ട രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെന്നും കോളനിയിലുള്ളവർ ആരോപിച്ചു.
ഗുരുതരമായ രോഗം യുവാവിന് വന്നിട്ടില്ലെന്നാണ് ഇവരുടെ വാദം. ആദിവാസി എന്ന കാരണത്താല്‍ ചികിത്സ ഉപകരണങ്ങൾ പോലും നീക്കം ചെയ്യാതെ മൃതദേഹത്തോട് അനാദരവ് കാട്ടിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാത്ത കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നുമാണ് കോളനിയിലുള്ളവർ ആവശ്യപ്പെടുന്നത്.
ഡിസംബര്‍ 18നാണ് കല്പറ്റ ജനറൽ ആശുപത്രിയിൽ അഭിജിത്തിനെ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും 19ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. ആരോപണത്തെ തുടർന്ന് ആരോഗ്യ മന്ത്രി വീണാജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താനാണ് മന്ത്രി നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.