പനമരം: ഒരു സൗകര്യങ്ങളുമില്ലാത്ത പനമരം ഡയാലിസിസ് സെന്ററിലേക്ക് ജില്ലയിൽ കോവിഡ് ബാധിച്ച ഡയാലിസിസ് രോഗികളെ മാറ്റാനുള്ള കലക്ടറുടെ തീരുമാനം പ്രതിഷേധത്തിനു കാരണമാവുന്നു.
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പനമരം ഗവ. ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന യൂനിറ്റിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങളൊന്നും ഇല്ലാതിരിക്കേ കോവിഡ് രോഗികളെ ഡയാലിസിസിന് ഇവിടെ എത്തിക്കുന്നതിലാണ് പ്രതിഷേധം ഉയരുന്നത്. നിന്നുതിരിയാൻ ഇടമില്ലാത്ത സെന്ററിൽ ആറ് ഡയാലിസിസ് മെഷീനുകളാണുള്ളത്. കൂടെ വരുന്നവർക്ക് ഇരിക്കാൻ ഇടമില്ല.
പനമരം സി.എച്ച്.സിയിൽ ഒ.പിയിലുള്ള ഡോക്ടർ വന്നാണ് പരിശോധിക്കുന്നത്. മിക്ക ദിവസവും ഒ.പിയിൽ തിരക്കായിരിക്കും. ഇതിനിടെ വേണം ഡോക്ടറെത്താൻ. പനമരം ആശുപത്രിയിൽ ഐ.സി യൂനിറ്റ് പ്രവർത്തിക്കുന്നില്ല. രോഗിക്കും കൂടെ വരുന്നവർക്കുംകൂടി ഒരു ബാത്ത്റൂമാണുള്ളത്. ഇത്രയും അസൗകര്യങ്ങളുള്ള ഡയാലിസിസ് യൂനിറ്റിലേക്കാണു കോവിഡ് ബാധിതരായ രോഗികളെ കൊണ്ടുവരേണ്ടത്.
നിലവിൽ രണ്ട് ബാച്ചായി 12 ഡയാലിസിസ് രോഗികളാണ് പനമരത്ത് ചികിത്സ തേടുന്നത്. ഇവർക്ക് മറ്റൊരു സ്ഥലത്തേക്ക് സൗകര്യം ഒരുക്കാതെയാണ് ജില്ല കലക്ടറുടെ പ്രഖ്യാപനം. ഇതിനെതിരെ നാട്ടുകാർ പരാതി നൽകിയിരിക്കയാണ്.
പനമരം ഡയാലിസിസ് സെന്ററിന് പരിമിതികളുണ്ടെന്നും ജില്ല കലക്ടറുമായി സംസാരിച്ച് ഇതിനു പരിഹാരം കാണുമെന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ 'മാധ്യമ'ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.