പനമരം: അശ്രദ്ധമായി വാഹനമോടിച്ച പൊലീസുകാരൻ ബൈക്ക് യാത്രികനെ ഇടിച്ചശേഷം നിർത്താതെ പോകുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ബന്ധുക്കളോട് ആശുപത്രിയിലെത്തി മദ്യലഹരിയിൽ ബഹളം വെക്കുകയും ചെയ്ത സംഭവത്തിൽ സസ്പെൻഡ് ചെയ്തു.
പനമരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എം.പി .ബിനുവിനെയാണ് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് സസ്പെൻഡ് ചെയ്തത്. ജനുവരി അഞ്ചിന് കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വെച്ചായിരുന്നു അപകടം. എം.പി. ബിനു അശ്രദ്ധമായി ഓടിച്ചുവന്ന കാറിടിച്ച് പ്രദേശവാസിയായ ബൈക്ക് യാത്രികൻ പി.കെ. സിയാദിന് കാലിനാണ് ഗുരുതരമായി പരിക്കേറ്റു. പിന്നീട് സിയാദിനെ ചികിത്സക്കായി പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി മദ്യലഹരിയിൽ ഇയാൾ ബഹളം വെക്കുകയും ചെയ്തു.
പൊലീസുകാരനെന്ന നിലയിൽ ബിനുവിന്റെ പെരുമാറ്റം പൊലീസ് സേനക്ക് കളങ്കം വരുത്തിയതിനാലും അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലുമാണ് ബിനുവിനെ സസ്പെൻഡ് ചെയ്തതെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പളക്കാട് എസ്.എച്ച്.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.