പനമരം: സെപ്റ്റംബർ 20 മുതൽ 30 വരെ സർക്കാർ നടപ്പാക്കിയ ഒന്നാംഘട്ട തെരുവുനായ് വാക്സിനേഷൻ പദ്ധതി പനമരം പഞ്ചായത്തിൽ വേണ്ടരീതിയിൽ നടപ്പാക്കിയില്ലെന്ന് ആരോപണം. ജില്ലയിൽ തെരുവുനായ് ഭീതി രൂക്ഷമായ പ്രദേശമാണ് പനമരം.
ദിനേന ആക്രമണകാരിയായ തെരുവ് നായ്ക്കളുടെ ശല്യം കാരണം വിദ്യാർഥികളടക്കമുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. പലർക്കും പല തവണ കടിയേറ്റിറ്റുണ്ട്. ടൗണിൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെ തെരുവുനായ്ക്കളുടെ പിടിയിലാണ്. രാത്രിയിലും വെളുപ്പിനും ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
ഇത്തരം സാഹചര്യത്തിലാണ് തെരുവുനായ് വാക്സിനേഷൻ പദ്ധതി അധികൃതർ ഗൗരവം മനസ്സിലാക്കാതെ പ്രഹസനമാക്കിയത്. സർക്കാർ നിർദേശങ്ങൾ പാലിക്കാതെ, വാർഡുകളിൽ ആവശ്യമായ പ്രചാരണം സംഘടിപ്പിക്കാതെ ജനകീയമായി നടപ്പിലാക്കേണ്ട വാക്സിനേഷൻ പദ്ധതിക്ക് പനമരം ഗവ. മൃഗാശുപത്രിയിൽ തുടക്കമായെങ്കിലും ആസൂത്രണത്തിന്റെ കുറവ് കൊണ്ട് ഉദ്ഘാടന പരിപാടി ശ്രദ്ധിക്കാതെ ചടങ്ങിൽ ഒതുക്കിയതായാണ് ആരോപണം.
പനമരം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സമഗ്രമായി നടപ്പിലാക്കേണ്ട പദ്ധതിയാണ് അധികൃതർ പ്രഹസനമാക്കിയതെന്നു പനമരം പഞ്ചായത്ത് 11ാം വാർഡ് മെംബർ ബെന്നി ചെറിയാൻ പറഞ്ഞു. പനമരം ഗവ. മൃഗാശുപത്രിയാണ് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്നത്. ഇതിനെതിരെ നാട്ടുകാരിലും ജനപ്രതിനിധികളിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.