പനമരം: കീഞ്ഞുകടവിലെ കാക്കത്തോടിൽ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യ സംസ്ക്രണ പ്ലാന്റ് നിർമിക്കാനുള്ള പ്രവൃത്തി നാട്ടുകാർ തടഞ്ഞു. ഇവിടെ പനമരം പഞ്ചായത്ത് നേരത്തെ അജൈവ മാലിന്യങ്ങൾ കൊണ്ടുവന്നു സംസ്കരിക്കുന്നുണ്ട്. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തിലെയും മാലിന്യങ്ങൾ കൂടി കാക്കതോടിൽ കൊണ്ടുവന്ന് സംസ്ക്കരിക്കാനായി പുതിയ കെട്ടിടം നിർമിക്കുന്നതാണ് നാട്ടുകാർ തടഞ്ഞത്.
ചൊവ്വാഴ്ച രാവിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും അഞ്ച് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സാന്നിധ്യത്തിലാണ് കെട്ടിടത്തിന്റെ പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിന്റെ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചത്. നിർമാണ പ്രവൃത്തിയെ കുറിച്ചു നാട്ടുകാർ പനമരം പഞ്ചായത്തിൽ അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ ഇവർ കാക്കത്തോടിലേക്ക് സംഘടിച്ചെത്തി തടയുകയായിരുന്നു. കെട്ടിടത്തിനുള്ള പില്ലർ ഒരുക്കാനായി കുഴിയെടുക്കുന്ന പ്രവൃത്തിയാണ് നിർത്തിവെപ്പിച്ചത്. തൊഴിലാളികളെയും മണ്ണുമാന്തിയടക്കം തിരിച്ചയച്ചു.
കബനി പുഴയോട് ചേർന്ന പ്രദേശമായത് കാരണം മാലിന്യങ്ങൾ ഒഴുകുമെന്നാണു നാട്ടുകാർ പറയുന്നത്. തൊട്ടടുത്ത മാതോത്ത് പൊയിലിൽ ആദിവാസി കോളനിയാണ്. കീഞ്ഞുകടവിലും നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
പഞ്ചായത്ത് നേരത്തേ പൊതുശ്മാശനത്തിനായി രണ്ട് ഏക്കർ ഭൂമി വാങ്ങിയതാണ്. പിന്നീട് ടൗണിലെ അടിച്ചു വാരുന്ന മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് അന്നു പഞ്ചായത്ത് മാലിന്യങ്ങൾ തള്ളുന്നത് നിർത്തിവെച്ചത്. 50 സെന്റ് സ്ഥലം പൊതുശ്മശാനത്തിനും ഒന്നര ഏക്കർ സാംസ്കാരിക നിലയം പോലുള്ള പൊതു ആവശ്യത്തിനായിരുന്നുവെന്നാണ് രേഖയിലുള്ളത്.
കബഡി പരിശീലന മൈതാനമായിരുന്ന ഇവിടെ മുമ്പ് പഞ്ചായത്ത് മണ്ണിര കമ്പോസ്റ്റ് നിർമാണത്തിനായി ലക്ഷങ്ങൾ മുടക്കി കെട്ടിടം പണിതിരുന്നു. എന്നാൽ ഇവിടെ പിന്നീട് മാലിന്യങ്ങൾ തള്ളാനുള്ള ഇടമാക്കി പഞ്ചായത്ത് മാറ്റി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരങ്ങൾ കത്തിക്കാൻ തുടങ്ങിയതോടെയാണ് അന്നു കീഞ്ഞുകടവിലുള്ളവർ പ്രതിഷേധിച്ച് മാലിന്യം തള്ളുന്നത് ഒഴിവാക്കിയത്.
ഇപ്പോൾ ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങളെല്ലാം വീണ്ടും ഇവിടെയാണ് സൂക്ഷിക്കുന്നത്. സ്ഥലപരിമിതിമൂലം പുതുതായി ഒരു കെട്ടിടം കൂടി പണിതെങ്കിലും നിർമാണം പാതിവഴിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.