പനമരം: അച്ഛൻ മുത്തു മകനായ ജയകൃഷ്ണന്റെ കൈപിടിച്ച് ഓരോ സ്ഥലങ്ങളിലും കയറിയിറങ്ങുമ്പോൾ മനസ്സിൽ ആശങ്കകളുടെ പെരുമ്പറ മുഴക്കമായിരുന്നു. ഭിന്നശേഷിക്കാരനായ മകന് തന്റെ കാലശേഷം ആരുണ്ടാകുമെന്ന ചോദ്യമാണ് 70കാരനായ അച്ഛന്റെ ചിന്തയിൽ എപ്പോഴമുള്ളത്.
പനമരം പുഞ്ചവയൽ സ്വദേശിയായ അദ്ദേഹം മകൻ ജയകൃഷ്ണനുമായി(30 ) പനമരം ടൗണിലൂടെ അന്വേഷണം തുടങ്ങിയിട്ട് ഏഴുവർഷമായി. മകന് തണലേകാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണദ്ദേഹം. മാനസിക വെല്ലുവിളി നേരിടുന്ന മകനെ ചികിത്സ കേന്ദ്രങ്ങളിലേക്കയക്കാൻ മുത്തു ആഗ്രഹിക്കുന്നില്ല. സാമൂഹിക സംഘടനകൾ ആരെങ്കിലും അവനെ ഏറ്റെടുത്താൽ തനിക്കുള്ളതൊക്കെ അവർക്ക് നൽകാമെന്നാണ് പറയുന്നത്.
ജന്മന ഭിന്നശേഷിക്കാരനായ ജയകൃഷ്ണൻ അമ്മ മുത്തമ്മയുടെ മരണത്തോടെയാണ് കൂടുതൽ ഒറ്റപ്പെട്ടത്. മുത്തമ്മ പോയതോടെ മുത്തു കൂടുതൽ ആശങ്കയിലായി. വീടും സ്ഥലവും സ്വന്തമായുണ്ടെങ്കിലും മകനെ വീട്ടിൽ ഒറ്റക്കു നിർത്താൻ കഴിയില്ലെന്ന് മുത്തു പറയുന്നു.
ജയകൃഷ്ണന്റെ ചെറുപ്പകാലത്ത് സ്കൂൾ വിദ്യാഭ്യാസം നൽകാൻ പല സ്കൂളുകളെയും സമീപിച്ചെങ്കിലും എവിടെനിന്നും പിന്തുണ കിട്ടിയില്ല. അന്ന് ആരെങ്കിലും തയാറായിരുന്നെങ്കിൽ ജയകൃഷ്ണന് വിദ്യാഭ്യാസം ലഭിക്കുമായിരുന്നു. 34 വർഷം മാനന്തവാടി സപ്ലൈകോ ഗോഡൗണിൽ കരാറടിസ്ഥാനത്തിൽ ചുമട്ട് തൊഴിലാളിയായിരുന്നു മുത്തു.
അതിന് മുമ്പ് മാനന്തവാടി വെയർ ഹൗസിലും അവിടെ തന്നെയുള്ള സ്വകാര്യ പഞ്ചസാര ഗോഡൗണിലും ചുമട്ട് തൊഴിലാളിയായി. കൽപറ്റക്ക് സമീപമുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും അന്വേഷണം വന്നിരുന്നെങ്കിലും അത്തരം സ്ഥാപനങ്ങളിലാക്കാൻ മുത്തുവിന് താൽപര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.