അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ന​ട​വ​യ​ൽ പാ​ലം

മന്ത്രിയുടെ വാക്ക് പാഴ്വാക്ക്; നടവയൽ പാലം അപകടാവസ്ഥയിൽ തന്നെ

പനമരം: പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനം നടവയൽ പാലത്തിന്‍റെ കാര്യത്തിൽ വെറുംവാക്കായി തുടരുന്നു. പാലം പുതുക്കിപ്പണിയാൻ തുക അനുവദിച്ചുവെന്ന് പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അപകടാവസ്ഥക്ക് യാതൊരു മാറ്റവുമുണ്ടായിട്ടില്ല.

അപകടകരമായ പാലത്തിലൂടെ ദിവസേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാൽനടയാത്രക്കാരും ഭീതിയോടെയാണ് പാലത്തിലൂടെ നടന്നുനീങ്ങുന്നത്. പാലത്തിന്‍റെ കൈവരികളും സ്ലാബുകളും തകർന്നിട്ടും അധികൃതർക്ക് കുലുക്കമില്ല.

പാലത്തിലെ ടാറിങ് തകർന്ന് അടിയിലെ കോൺക്രീറ്റ് ഉൾപ്പെടെ ഇളകിയ നിലയിലാണ്. ആറുമാസം മുമ്പ് പൊതുമരാമത്ത് മന്ത്രി പാലം സന്ദർശിക്കുകയും പാലം പൊളിച്ച് പുതുക്കിപ്പണിയുന്നതിന് പത്ത് കോടി അനുവദിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.

എന്നാൽ, പിന്നീട് നടപടികളൊന്നുമുണ്ടായില്ല. പാലത്തിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതുകാരണം ചളിയിലൂടെയാണ് ആളുകളും വാഹനങ്ങളും കടന്നുപോകുന്നത്.

ഇടുങ്ങിയ പാലമായതിനാൽ വലിയ രണ്ടു വാഹനങ്ങൾക്ക് ഒന്നിച്ചു കടന്നുപോകാനുമാകില്ല. കൈവരികൾ തകർന്നതിനാൽ ഭീതിയിലാണു വിദ്യാർഥികളടക്കം നടന്നു പോകുന്നത്.

പാലത്തിനുസമീപം കൊടുംവളവ് കാരണം പല വാഹനങ്ങളും താഴേക്കു പതിച്ച സംഭവങ്ങളുമുണ്ട്. ഇപ്പോഴുള്ള പാലം പൊളിച്ച് വീതിയുള്ള പുതിയ പാലം നിർമിച്ചാലേ ഇതുവഴിയുള്ള യാത്ര സുരക്ഷിതമാകുകയുള്ളൂ.

കൊടും വളവ് കഴിഞ്ഞയുടനെയുള്ള ഇടുങ്ങിയ പാലം അപകടങ്ങൾ വർധിക്കാൻ ഇടയാക്കുകയാണ്. 1965ലെ ഭരണകാലത്ത് നിർമിച്ച മരപ്പാലത്തിലായിരുന്നു നേരത്തേ ഇതുവഴി വാഹനങ്ങൾ പോയിരുന്നത്. പിന്നീട് നടവയൽ പ്രദേശത്തേക്കുള്ള വാഹനങ്ങൾ വർധിച്ചപ്പോൾ അതേ തൂണിനു മുകളിലായി പൊതുമരാമത്ത് പാലം നിർമിക്കുകയായിരുന്നു.

പാലത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ തകർച്ചയുടെ വക്കിലാണിപ്പോൾ പാലം. പനമരത്തുനിന്ന് നടവയൽ വഴി സുൽത്താൻ ബത്തേരിക്ക് പോകുന്ന റോഡിലെ പ്രധാന പാലമാണിത്. ഇതാണിപ്പോൾ അപകടാവസ്ഥയിലായിരിക്കുന്നത്. പാലം പുതുക്കിപ്പണിയാൻ ഇനിയും ഒരു അപകടത്തിനു കാത്തുനിൽക്കണോയെന്നാണു നാട്ടുകാർ ചോദിക്കുന്നത്.

Tags:    
News Summary - Nadavayal bridge is in danger condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.