പനമരം: ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ ചെന്നൈ ആസ്ഥാനമായുള്ള ഫൈനാൻസിയേഴ്സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിലെ ഒരാളെ പനമരം പൊലീസ് പിടികൂടി. മലപ്പുറം മോങ്ങം ബി. അബ്ദുൽ മുനീറിനെയാണ് (41) ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. മോഷണം പോയ ഫോര്‍ച്ച്യൂണര്‍ കാറും പിടിച്ചെടുത്തു.
മോഷ്ടിച്ച കാര്‍ മലപ്പുറത്തെത്തിച്ചെങ്കിലും കേസായതിനെത്തുടര്‍ന്ന് വയനാട്ടിലെവിടെയെങ്കിലും ഉപേക്ഷിക്കാന്‍ കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പൊലീസ് വലയിലായത്. വാഹനം തിരിച്ചുപിടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഫൈനാൻസിയേഴ്സിന്റെ കേരള ബ്രാഞ്ച് മാനേജര്‍ കാര്‍ത്തിക്കിനെയും ക്വട്ടേഷന്‍ സംഘത്തിലെ മിഥുനെയും പിടികൂടാനുണ്ട്. ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്ത ജില്ലയിലെ ഏജന്റുമാര്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ അഞ്ചിന് ഉച്ചയോടെയാണ് അഞ്ചുകുന്ന് കുണ്ടാല സ്വദേശിയുടെ ഫോര്‍ച്ച്യുണര്‍ കാര്‍ മോഷണംപോയത്. ലോണ്‍ അടവ് തെറ്റിയതിനെ തുടര്‍ന്ന് വീട്ടില്‍ സ്ത്രീകള്‍ തനിച്ചായ സമയം നോക്കിയാണ് മോഷണം നടത്തിയത്. എസ്.ഐ സാജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുസ്തഫ, വിനായക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.