പനമരം: ഹരിത കേരളം പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നുശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിക്കുന്നതിനുവേണ്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കീഞ്ഞ്കടവിലെ താൽകാലിക കെട്ടിടത്തിൽ തന്നെയാക്കാൻ തീരുമാനം. കീഞ്ഞ്കടവിലേക്ക് കൊണ്ടു വരുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് മാലിന്യം തൽകാലം പനമരം ടൗണിനടുത്ത് കെ. ടി. ഡി. സിയുടെ നിർമാണം നിലച്ച കെട്ടിടത്തിലേക്കു മാറ്റാനായിരുന്നു തീരുമാനം.
എന്നാൽ, കെ. ടി. ഡി. സിയുടെ അനുമതി പഞ്ചായത്തിനു ലഭിച്ചില്ലെന്നാണ് പറയുന്നത്. തുടർന്ന് അനുയോജ്യമായ മറ്റൊരു സ്ഥലം കെണ്ടത്താൻ കഴിയാത്തതിനാൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും സർവകക്ഷിയോഗം വിളിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ നിലവിലെ സാഹചര്യം വിവരിക്കുകയും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നത് വരെ താൽകാലികമായി കീഞ്ഞ്കടവിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്നു നടന്ന ചർച്ചയിൽ പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും തമ്മിൽ വാഗ്വദം ഉണ്ടാകുകയും കീഞ്ഞ്കടവിലേക്ക് മാലിന്യങ്ങൾ കയറ്റിയ വാഹനങ്ങൾ വീണ്ടും വരുകയാണങ്കിൽ ശക്തമായ സമരങ്ങളുമായി മുമ്പിലുണ്ടാകുമെന്നും പറഞ്ഞു.
പ്രസിഡന്റിന്റെ അഭ്യർഥനയെ തുടർന്നു 2024 മാർച്ച് 31വരെ കീഞ്ഞ്കടവിൽ തന്നെ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനു സി. പി. എം, മുസ് ലിം ലീഗ്, എൻ. സി. പി, ബി. ജെ. പി ഉൾപ്പെടെയുള്ള രാഷ്ടീയ പാർട്ടികൾ അനുകൂല നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയ പാർട്ടികൾ അനുകൂലമാണങ്കിലും ശക്തമായ പ്രക്ഷോഭവുമായി മുമ്പിലുണ്ടാവുമെന്നാണ് പ്രദേശവാസികൾ അറിയിച്ചത്.
വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈർ, മെംബർ ബെന്നി ചെറിയാൻ, ടി.എം. ഉമ്മർ, ഗോപാലകൃഷ്ണൻ (സി.പി.എം), എം.സി. സെബാസ്റ്റ്യൻ (കേരള കോൺഗ്രസ് ജേക്കബ്), കെ.ടി. അശ്കർ (മുസ് ലിം ലീഗ്), കെ.കെ. സമീർ (വെൽഫെയർ പാർട്ടി), ടി.പി. നൂറുദ്ദീൻ (എൻ.സി.പി), ആലി തിരുവാൾ (സി.പി.ഐ), സുബൈർ കടന്നോളി, അസിം (ജനതാദൾ), എസ്. മുരളി (ബി.ജെ.പി), ടി. ഖാലിദ്, പ്രദേശവാസികളായ സത്താർ, രാധ, ജോസ്, റംല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.