പനമരം: കീഞ്ഞുകടവിലെ മാലിന്യ പ്രശ്നത്തിൽ നാട്ടുകാർ പ്രതിേഷധം ശക്തമാക്കി. പനമരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കീഞ്ഞുകടവിലെ രണ്ട് ഏക്ര വരുന്ന സ്ഥലത്ത് താൽക്കാലികമായി നിർമിച്ച കെട്ടിടത്തിലാണ് പഞ്ചായത്ത് ഹരിത കേരളം പദ്ധതിപ്രകാരം വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങൾ വേർതിരിച്ചു കൊണ്ട് പോകുന്നത്. രണ്ട് മാസമായി പ്രദേശവാസികളും പഞ്ചായത്ത് ഭരണസമിതിയും തമ്മിൽ മാലിന്യങ്ങൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു തർക്കം തുടരുകയായിരുന്നു.
അജൈവ മാലിന്യങ്ങൾ കീഞ്ഞ് കടവിൽ കൊണ്ടുവരാൻ സമ്മതിക്കില്ലന്നു നേരത്തേതന്നെ നാട്ടുകാർ നിലപാട് കടുപ്പിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി എടുത്ത തീരുമാനമാണെന്നും മറ്റൊരു സംവിധാനം ഉണ്ടാകുന്നത് വരെ ഇവിടതന്നെ തുടരാൻ അനുവദിക്കണമെന്നാണ് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെടുന്നത്. രണ്ട്മാസമായി കീഞ്ഞുകടവിലേക്ക് അജൈവ മാലിന്യങ്ങൾ കൊണ്ടുവന്നിരുന്നില്ല. തിങ്കളാഴ്ച രാവിലെ പനമരം സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ കീഞ്ഞ്കടവിൽ പൊലീസ് സംരക്ഷണമൊരുക്കി. ഇതോടെ നാട്ടുകാർ തടിച്ചുകൂടുകയും മാലിന്യങ്ങൾ ഇറക്കാൻ സമ്മതിക്കില്ലന്നുപറഞ്ഞ് മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് മുൻകരുതൽ എന്ന പേരിൽ കീഞുകടവിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. സ്ത്രീകളായിരുന്നു സമരത്തിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നത്.
സംഘർഷം ഉണ്ടാകാതിരിക്കാൻ പനമരം സ്റ്റേഷൻ ഇൻസ്പെക്ടർ ഇടപെട്ട് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വരുത്തി സമരം ചെയ്യുന്നവരുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പനമരം പഞ്ചായത്ത് പ്രസിഡന്റ് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മാലിന്യപ്രശ്നം ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.