പനമരം: നഞ്ചകൃഷി നൽകിയ വിളവും ആത്മവിശ്വാസവും കരുത്താക്കി ചങ്ങാടക്കടവ് ഇറിഗേഷൻ പദ്ധതിയുടെ കീഴിലുള്ള നെൽപ്പാടങ്ങൾ പുഞ്ച കൃഷിക്ക് ഒരുങ്ങുന്നു. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ നഞ്ചകൃഷി വൻവിജയമായിരുന്നു. കൃഷിക്കാർ ഉദ്ദേശിച്ച രീതിയിൽ നല്ല വിളവെടുപ്പായിരുന്നു ഇത്തവണ. ഇതോടെ കർഷകർ പുഞ്ചക്കുള്ള തകൃതിയായ ഒരുക്കം നേരത്തേ തുടങ്ങി. നെല്ല് കൊയ്ത്ത് കഴിഞ്ഞ് കണ്ടം ഒഴിയുന്നതിന് മുമ്പുതന്നെ കർഷകർ പുഞ്ചക്കൃഷിക്കുള്ള തയാറെടുപ്പിലായിരുന്നു.
ചങ്ങാടക്കടവ് ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ മുന്നൂറോളം ഏക്കർ നെൽവയലിലാണ് വർഷത്തിൽ രണ്ടു തവണ കൃഷിയിറക്കുന്നത്.
ചങ്ങാടക്കടവ് പമ്പ് ഹൗസിൽ 40 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളാണ് നിലവിലുള്ളത്. രണ്ടെണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇതുകാരണം മുഴുവൻ വയലും കൃഷി ചെയ്യാൻ കഴിയുന്നില്ല. മൂന്നു മോട്ടോറും പ്രവർത്തിക്കുകയാണെങ്കിൽ മുഴുവൻ വയലിലും കൃഷിചെയ്യാൻ കഴിയുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
പുഴയിൽ വെള്ളം കുറയാത്തത് അനുഗ്രഹമായി കാണുകയാണ് കർഷകർ. കഴിഞ്ഞ കൊയ്ത്ത് സമയത്ത് മഴ വിട്ടുനിന്നതിനാൽ വൈക്കോൽ നഷ്ടപ്പെട്ടില്ല. ഇക്കുറി ഉൽപാദനം താരതമ്യേന കൂടുതലായതോടെ വൈക്കോലിനും ആവശ്യക്കാരില്ലാതായി. കഴിഞ്ഞ തവണ വൈക്കോലിന് ആവശ്യക്കാർ ഏറെയായിരുന്നു.
ഇത്തവണ പലരും വൈക്കോൽ വിൽപനയാകാതെ വയലിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.