പനമരം: കൈതക്കലിനും കാപ്പുംചാലിനുമിടയിലെ കൊടുംവളവിൽ കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവും മകനും മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. മറുവശത്തുനിന്നുള്ള വാഹനങ്ങൾ കാണാനാകാത്ത യു ആകൃതിയിലുള്ള കാപ്പുംചാൽ പഴയ വില്ലേജ് ഓഫിസിന് സമീപത്തെ കൊടും വളവിലാണ് അപകടമുണ്ടായത്.
സ്ഥിരം അപകടമേഖലയിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതും അപകടത്തിന്‍റെ ആഘാതം വർധിപ്പിക്കുകയാണ്. പനമരം ആറാംമൈൽ കുണ്ടാല മാനാഞ്ചിറയിൽ താമസിക്കുന്ന മുണ്ടോടൻ സുബൈർ സഅദി (42), മകൻ മിദ്‍ലാജ് (13) എന്നിവരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്.
എട്ടുവർഷത്തിലധികമായി പനമരത്തും കുണ്ടാലയിലുമായി വാടക വീടുകളിൽ കഴിഞ്ഞിരുന്ന സുബൈർ രണ്ടു വർഷം മുമ്പാണ് കുണ്ടാലയിലെ മാനാഞ്ചിറയിൽ സ്വന്തം വീട്ടിൽ താമസമാരംഭിച്ചത്. പനമരം നീരട്ടാടി പള്ളിയിൽ എട്ടുവർഷമായി മുഅദ്ദീനായി ജോലി ചെയ്തിരുന്ന സുബൈർ സഅദി നിലവിൽ പേരാമ്പ്ര എരവട്ടൂർ പള്ളിയിലെ ഇമാം ആണ്.
കൽപറ്റയിലെ കുടുംബ വീട്ടിൽപോയി തിരിച്ചുവരുന്നതിനിടെയാണ് പാതിവഴിയിൽവെച്ച് ഭാര്യ ഹാജറയെയും മകൾ മിൻഹയെയും തനിച്ചാക്കി സുബൈറും മകൻ മിദ്‍ലാജും യാത്രയായത്. ഭാര്യയെയും മകളെയും ബസിൽ കയറ്റിവിട്ടശേഷമാണ് സുബൈർ മകനെയും കൂട്ടി സ്കൂട്ടറിൽ കുണ്ടാലയിലേക്ക് പോകുന്നത്.
ആ യാത്ര അവസാനയാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. ഇരുവരുടെയും മരണ വാർത്ത പനമരത്തെയും കുണ്ടാലയിലെയും മാനാഞ്ചിറയിലെയും നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഉള്ളുലച്ചു. സ്ഥിരം അപകടമേഖലയിൽ ആവശ്യമായ സുരക്ഷ സംവിധാനമൊരുക്കിയിരുന്നെങ്കിൽ ഒരുപേക്ഷ അവരുടെ ജീവൻ നഷ്ടമാകുമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.