പനമരം: വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടാനക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ച മൂന്നിന് ചെതലയം ഫോറസ്റ്റ് റേഞ്ചിൽ പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പനമരം പഞ്ചായത്തിലെ നീർവാരത്താണ് സംഭവം. ആറാം വാർഡിലെ അമ്മാനി പാറവയൽ വി. ജയരാജന്റെ വീടിനോട് ചേർന്ന കാപ്പിത്തോട്ടത്തിൽ ഇറങ്ങിയ 25 വയസ്സോളം പ്രായമുള്ള കൊമ്പനാനയാണ് ചെരിഞ്ഞത്.
തെങ്ങ് തള്ളി മറിച്ചപ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. തോട്ടത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് ആന തെങ്ങ് കുത്തിമറിച്ചിട്ടതായിരുന്നു. കൊമ്പ് നിലത്തുകുത്തി ദയനീയമായി ചെരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ആനയുടെ ദേഹത്ത് വൈദ്യുതി കമ്പി ചുറ്റിയനിലയിലാണ്.
ആന ചെരിഞ്ഞത് നാട്ടുകാർ കാണുന്നത് രാവിലെയാണ്. വനംവകുപ്പിനെ വിവരമറിയച്ചതിനെ തുടർന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി. അബ്ദുൽ സമദ്, ഹാഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ വി.ആർ. ഷാജി, അബ്ദുൽ ഗഫൂർ, ഗവ. വെറ്ററിനറി ഡോക്ടർമാരായ ലക്ഷ്മി അരവിന്ദ്, ഫൈസൽ യൂസഫ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
പനമരം പൊലീസിന്റെ സഹായത്തോടെ മൃതദേഹം ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി പാതിരി റിസർവിലെ മുക്രമൂല വനഭാഗത്ത് ചുള്ളിക്കാട്ടിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം സംസ്കരിച്ചു.
നീർവാരം, അമ്മാനി, പുഞ്ചവയൽ, പരിയാരം തുടങ്ങിയ പ്രദേശങ്ങൾ തോട്ടം മേഖലയാണ്. വീടുകളിലേക്കുള്ള ഇലക്ട്രിക് ലൈനുകൾ തോട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിനു മുമ്പും പുഞ്ചവയൽ, പരിയാരം എന്നീ സ്ഥലങ്ങളിൽ ഷോക്കേറ്റ് ആന ചെരിഞ്ഞിട്ടുണ്ട്. അമ്മാനി ഭാഗത്ത് കാട്ടാന ശല്യം ദിനേന കൂടിവരുകയാണ്. കാടും നാടും തമ്മിൽ വേർതിരിക്കുന്ന ട്രഞ്ച് നികന്നതാണ് രാവും പകലും വ്യത്യാസമില്ലാതെ പാതിരി വനത്തിൽനിന്ന് വന്യമൃഗങ്ങൾ കാടിറിങ്ങുന്നതിന് പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.