പനമരം: പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ച് പനമരം പഞ്ചായത്ത് സർവകക്ഷി തീരുമാനപ്രകാരം ഹരിത കേരളം പദ്ധതിയിലൂടെ ശേഖരിക്കുന്ന അജൈവ മാലിന്യം കീഞ്ഞ്കടവിലേക്ക് കൊണ്ടുവന്നത് പൊലീസിന്റെ വൻ അകമ്പടിയോടെ. ശനിയാഴ്ച രാവിലെ പത്തോടെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള താൽക്കാലിക കെട്ടിടത്തിലേക്കാണ് ട്രാക്ടറിൽ അജൈവ മാലിന്യങ്ങൾ കൊണ്ടുവന്നത്.
പ്രദേശവാസികൾ നോക്കി നിൽക്കെയാണ് ട്രാക്ടറിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് ഇറക്കിയത്. സാധാരണക്കാരായ നൂറോളം കുടുംബങ്ങളാണ് പരിസരത്ത് താമസിക്കുന്നത്.
കീഞ്ഞ്കടവിലേക്ക് കൊണ്ടു വരുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് മാലിന്യം തൽക്കാലം പനമരം ടൗണിനടുത്ത് കെ. ടി. ഡി. സിയുടെ നിർമാണം നിലച്ച കെട്ടിടത്തിലേക്കു മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, കെ. ടി. ഡി. സിയുടെ അനുമതി പഞ്ചായത്തിനു ലഭിച്ചില്ലെന്ന് പറഞ്ഞാണ് വീണ്ടും മാലിന്യം കീഞ്ഞ് കടവിലേക്ക് സൂക്ഷിക്കാൻ തള്ളുന്നത്.
പ്രദേശവാസികൾ യോഗം ചേർന്ന് തീരുമാനമെടുക്കാനും അതിനു ശേഷം ഭാവികാര്യങ്ങളുമായി മുമ്പോട്ട് പോകുമെന്നും പ്രദേശവാസികൾക്ക് വേണ്ടി ദേവി കീഞ്ഞ്കടവ് പറഞ്ഞു.
രാഷ്ടീയ പാർട്ടിക്കാർ ഞങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഇതിനെതിരെ പോരാടുമെന്നും അവർ പറഞ്ഞു. പ്രദേശത്ത് പാവപ്പെട്ടവരായതുക്കൊണ്ടാണ് മുൻ തീരുമാനം മാറ്റി ഇവരെ ബലിയാടാക്കിയതെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.
സർവകക്ഷി തീരുമാനം താത്കാലികമാണെന്നും 2024 ഏപ്രിൽ ഒന്നു മുതൽ കീഞ്ഞ്കടവിലേക്ക് മാലിന്യവുമായി ഒരു വാഹനവും വരാൻ സമ്മതിക്കില്ലെന്നും അതിനെതിരെ ശക്തമായ സമരവുമായി മുൻപന്തിയിലുണ്ടാവുമെന്ന് പതിനൊന്നാം വാർഡ് മെംബർ എം.സി. ബെന്നി ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.