പനമരം: കോവിഡും നോട്ടു നിരോധനവും ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലുണ്ടാക്കിയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. ഓൺലൈൻ വ്യാപാര മേഖലയുടെ കടന്നുകയറ്റവും കാർഷിക പ്രതിസന്ധിയുമെല്ലാം വ്യാപാരികളെ വലിയ ബുദ്ധിമുട്ടിലേക്കാണ് നയിക്കുന്നത്.
ഏതാനും വർഷത്തിനുള്ളിൽ ജില്ലയിലെ ചെറുതും വലുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. കച്ചവടം കുറഞ്ഞതോടെ വാടകയും തൊഴിലാളികളുടെ കൂലിയും വലിയ ബാധ്യതയാണ് വ്യാപാരികളിലുണ്ടാക്കുന്നത്. കൂടാതെ വൈദ്യുതി ചാർജ് വർധന ഉൾപ്പെടെ ഓരോ വർഷവും അധിക പണം കണ്ടെത്തേണ്ട സാഹചര്യവുമാണ് ഉള്ളത്.
കോവിഡിനു ശേഷമാണ് വ്യാപാര മേഖല അതിരൂക്ഷമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ജില്ലയിൽ നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങൾക്കാണ് അടുത്ത കാലത്ത് പൂട്ടുവീണത്. ടൗൺ, ഗ്രാമ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കടമുറികളുടെ എണ്ണം കുറഞ്ഞു. കെട്ടിട ഉടമകൾ മുൻകൂർ വാടകയും മറ്റും കുറക്കാൻ തയാറായെങ്കിലും കടമുറികൾക്ക് ആളെ കിട്ടാനില്ലാത്ത അവസ്ഥയാണിപ്പോൾ.
ടൗണുകളിൽ വാഹന പാർക്കിങ് കർശനമാക്കിയതോടെ വ്യാപാര രീതിയും മാറി. ഗ്രാമീണ മേഖലയിലെ ഹൈവേ വഴിയോരങ്ങളിൽ പുതുതായി കെട്ടിടങ്ങൾ ഉയർന്നു. അവിടങ്ങളിൽ ചില്ലറ മൊത്ത വ്യാപാര സ്ഥാപനങ്ങൾ വന്നു. ഇതോടെ ടൗണുകളിൽ വലിയ വാടകക്ക് ഉപയോഗിച്ചിരുന്ന ഗോഡൗൺ ഉൾപ്പെടെ കുറഞ്ഞ വാടകക്ക് ഹൈവേകളിലേക്ക് മാറി.
കോവിഡ് കാലത്ത് ഗൾഫിൽനിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചുവന്നവർ ജീവിതം കരക്കടുപ്പിക്കാൻ ഹൈവേകൾക്കരികിലും മറ്റും ചേക്കേറി. എന്നാൽ, പച്ചപിടിക്കാതെ പലതും പൂട്ടേണ്ടിവന്നു.
വ്യാപാരം കുറഞ്ഞതിനു പുറമെ ചെലവിലെ അമിത വർധനയും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. കറന്റിനും വെള്ളത്തിനും ഗ്യാസിനുമെല്ലാം വിലകൂട്ടിയപ്പോൾ പണം എവിടെനിന്നു കണ്ടെത്തുമെന്നറിയാത്ത അവസ്ഥ. ദിനേന അഞ്ഞൂറും അറുനൂറും വാടക കൊടുത്തു കച്ചവടം ചെയ്യുന്നവർ ചെലവ് ചുരുക്കാൻ ജീവനക്കാരെ കുറച്ചും മറ്റു ചെലവുകൾ കുറച്ചും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഗ്രാമീണ മേഖലകളിൽ സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ ഉയർന്നതോടെ വൻ തുക അഡ്വാൻസും വാടകയും നൽകി നഗരങ്ങളിൽ ഉപഭോക്താക്കളെ വേണ്ടത്ര ലഭിക്കാതായതോടെ അടച്ചുപൂട്ടലിലേക്ക് എത്തി.
വയനാട്ടിലെ വലിയ ശതമാനവും കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്. കാർഷിക വിളകൾക്ക് മെച്ചപ്പെട്ട വില ലഭിക്കാതായതോടെ കർഷകർ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നത് കുറഞ്ഞു. കുരുമുളകു പോലുള്ളവയുടെ വിളനാശവും കർഷകരെ കാര്യമായി ബാധിച്ചു. കാർഷിക ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാലേ വയനാടിന്റെ വ്യാപാര മേഖല സജീവമാകൂ.
അടുത്ത കാലത്തായി ഉപഭോക്താക്കൾ ഓൺലൈൻ വ്യാപാരത്തെ ആശ്രയിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് തുടക്കമിട്ട ട്രെൻഡാണ് ഇപ്പോഴും തുടരുന്നത്. കൂണുപോലെ ഉയർന്നുവരുന്ന ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ ആളുകളെ ആകർഷിക്കാൻ പുത്തൻ ഓഫറുകൾ വെക്കുന്നതും വീടുകളിൽ സാധനങ്ങൾ എത്തുന്നതും കാരണമാകുന്നു.
അതേസമയം, അവശ്യസാധനങ്ങൾ ഓൺലൈനിൽ വാങ്ങുന്നവർ നാട്ടിൻപുറത്തെ വ്യാപാര സ്ഥാപനങ്ങളിൽ പിരിവിനും മറ്റും മാത്രമാണ് എത്തുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ കുത്തകകള്‍ക്ക് 100 ശതമാനം വിപണി തുറന്നുകൊടുത്തതോടെ ഓണ്‍ലൈന്‍ വ്യാപാരം ശക്തമാകുകയും അത് ലക്ഷക്കണക്കിന് വ്യാപാരികളെയും കുടുംബാംഗങ്ങളെയും പ്രതിസന്ധിയിലാക്കുകയും ചെയ്തുവെന്നാണ് വ്യാപാര സംഘടന നേതാക്കൾ പറയുന്നത്.
വ്യാപാര സ്ഥാപനങ്ങൾക്ക് തുടര്‍ച്ചയായി ലാഭമില്ലാത്ത സ്ഥിതി വന്നതോടെ നിത്യച്ചെലവുകള്‍ക്കുള്ള പണം മൂലധനത്തില്‍നിന്ന് എടുത്തുപയോഗിക്കേണ്ട അവസ്ഥ വന്നു. ഇതോടെ ബാങ്കുകളിൽനിന്നും മറ്റുമെടുത്ത വായ്പകളുടെ തിരിച്ചടവുകള്‍ മുടങ്ങുന്നു. ഈടില്ലാത്ത വായ്പകള്‍ നല്‍കുന്നതിന് നിയന്ത്രണം വന്നതോടെ പരസ്പര ജാമ്യത്തില്‍ വ്യാപാരികള്‍ക്ക് ലഭിച്ചിരുന്ന ചെറു വായ്പകളും ലഭിക്കാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.