പുൽപള്ളി: ബലക്ഷയത്തെ തുടർന്ന് മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫിസ് കെട്ടിടം അപകടാവസ്ഥയിൽ. ഇതേത്തുടർന്ന് കെട്ടിടം ഇവിടെനിന്നും മാറ്റിസ്ഥാപിക്കണമെന്ന് സർവകക്ഷിയോഗത്തിൽ ആവശ്യമുയർന്നു. 32 വർഷം മുമ്പ് നിർമിച്ച കെട്ടിടത്തിനുള്ളിൽ ജോലിചെയ്യാൻ ജീവനക്കാർ ഭയപ്പെടുകയാണ്.
ഷോപിങ് കോംപ്ലക്സ് എന്ന ആശയത്തിലായിരുന്നു കെട്ടിടം നിർമിച്ചത്. എന്നാൽ, നിർമിച്ച് മൂന്ന് വർഷത്തിനുശേഷം പഞ്ചായത്ത് ഓഫിസ് ഇവിടേക്ക് മാറ്റുകയായിരുന്നു. അസൗകര്യങ്ങൾക്ക് നടുവിലാണ് കെട്ടിടമിപ്പോൾ. ജീവനക്കാർക്ക് നിന്നുതിരിയാൻ ഇടമില്ല. കുടുംബശ്രീയുടെയും വി.ഇ.ഒയുടെയും എല്ലാം ഓഫിസുകൾ പ്രവർത്തിക്കുന്നത് ഇടുങ്ങിയ മുറികളിലാണ്. ഫയലുകൾ പലയിടത്തും കുന്നുകൂടി കിടക്കുന്നു. കെട്ടിടമാകെ വിണ്ടുകീറിയ നിലയിലാണ്. പാർക്കിങ് സൗകര്യമില്ല.
ഈ അവസ്ഥയിലാണ് കെട്ടിടം പുതുക്കിപ്പണിയാൻ തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചിലർ സൗജന്യമായി കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുകൊടുക്കാൻ തയാറാണെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ, പഞ്ചായത്ത് ഓഫിസ് മുള്ളൻകൊല്ലി ടൗണിൽ തന്നെയാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിലവിലെ കെട്ടിടത്തോട് ചേർന്ന് സ്ഥലംവാങ്ങി ഓഫിസ് പണിയാനാണ് നീക്കം. പുതിയ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.