പുൽപള്ളി: പുൽപള്ളിയിൽ നിന്ന് ആടിക്കൊല്ലി - 56 പ്രദേശങ്ങളിലേക്കുള്ള റോഡ് തകർന്ന നിലയിൽ തന്നെ. ഈട്ടിക്കവലയിലെ കലുങ്കും അപകടാവസ്ഥയിലാണ്. ഇതും നന്നാക്കാൻ നടപടി വൈകുന്നു. പുൽപള്ളിയിൽ നിന്ന് മീനങ്ങാടിയിലേക്കുൾപ്പടെ പോകുന്ന പല ബസുകളും ഈ വഴിയാണ് കടന്നുപോകുന്നത്.
പത്തോളം സർവിസുകളുള്ള റൂട്ടാണിത്. ആടിക്കൊല്ലി പള്ളിമുതൽ 56 വരെയുള്ള ഭാഗമാണ് ഗതാഗതത്തിന് പറ്റാത്ത വിധം തകർന്നത്. രണ്ട് കിലമീറ്ററോളം റോഡ് നന്നാക്കാൻ പുൽപള്ളി പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ അധികൃതർക്ക് നൽകുകയും ചെയ്തു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപെടുത്തി റോഡ് നന്നാക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അടക്കം ഉറപ്പ്നൽകിയിരുന്നു. വർഷങ്ങളയി തകർന്നുകിടക്കുന്ന റോഡ് അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തോട് ചേർന്നുണ്ട്. ചെറിയ കുട്ടികൾ ഇതുവഴി സഞ്ചരിക്കുന്നത് ഏറെ പാടുപെട്ടാണ്. മഴ പെയ്താൽ റോഡാകെ ചളിക്കുളമാവും. നിരവധി അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
യാത്ര ദുരിതത്തിന് പരിഹാരം കണ്ടെത്താൻ അധികൃതർ താൽപര്യമെടുക്കുന്നില്ലെന്നാണ് ആരോപണം. ഈട്ടിക്കവലയിലെ കലുങ്കിന്റെ കൈവരികൾ തകർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. ശ്രദ്ധിച്ചു വാഹനങ്ങൾ ഓടിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകുമെന്ന സ്ഥിതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.