വൈത്തിരി: ഹൈകോടതി വിധിയെ തുടർന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജോലി നഷ്ടപ്പെട്ട അധ്യാപകർക്ക് പകരം നിയമനമായി. ഡോ. ദീപ ചിറയത്ത്, ഡോ. ഷിബു കെ. ജേക്കബ്, ഡോ. ദിലീപ് കുമാർ എന്നിവർക്കാണ് പ്രത്യേക ഉത്തരവിലൂടെ വെറ്ററിനറി ഡോക്ടർമാരായി നിയമനം നൽകിയത്.
ജൂനിയർ മോസ്റ്റ് ആയാണ് മുൻകാല പ്രാബല്യമില്ലാതെ നിയമനം ലഭിച്ചത്. ബാക്കി നാലുപേർ ഇപ്പോഴും പുറത്താണ്.
ഒരു വർഷം മുമ്പാണ്, 2014ൽ പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിലേക്ക് നടന്ന നിയമനങ്ങൾ ചട്ടവിരുദ്ധമെന്നു ഹൈകോടതി വിധിച്ചത്. ഇതോടെ സർവകലാശാലയിലെ ഏഴ് അധ്യാപകർക്ക് ജോലി നഷ്ടമായി. വെറ്ററിനറി സർവകലാശാല അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ടായിരുന്നു പുതിയ ജോലിക്ക് അപേക്ഷിക്കാൻ പോലും കഴിയാതെ അധ്യാപകർക്ക് കണ്ണീരോടെ ഒഴിയേണ്ടിവന്നത്.
പ്രായപരിധി കഴിഞ്ഞതിനാൽ പുതിയ ജോലി അന്വേഷിക്കാൻ കഴിയാതെയുമായി. 2014ലെ അസി. പ്രഫസർ നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാർഥികളാണ് നിയമനത്തിനെതിരെ കോടതിയെ സമീപിച്ചത്. ജോലി നഷടപ്പെട്ട അധ്യാപകരുടെ അപേക്ഷയിൽ പ്രത്യേക പരിഗണന നൽകിയാണ് മുഖ്യമന്ത്രി സർവിസിൽ തിരിച്ചെടുക്കാൻ ഉത്തരവിറക്കിയത്.
ഡോ. ദീപ ചിറയത്തിനെ വെറ്ററിനറി സർജനായി എടപ്പാൾ വെറ്ററിനറി ഡിസ്പെൻസറിയിലും ഡോ. ദിലീപ് കുമാറിനെ പാലക്കാട് തൃക്കടേരി വെറ്ററിനറി ഡിസ്പെൻസറിയിലും ഡോ. ഷിബു ജേക്കബിനെ പാലക്കാട് വെള്ളിനേഴി വെറ്ററിനറി ഡിസ്പെൻസറിയിലുമാണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.