കൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം.പി ഓഫിസ് ആക്രമണ കേസിൽ പ്രതികളായവരെ ഉൾപ്പെടുത്തി എസ്.എഫ്.ഐ ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പിരിച്ചുവിട്ട എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃനിരയിൽ മാറ്റങ്ങളില്ലാതെയാണ് പുനഃസംഘാടനം. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് മുമ്പുള്ളവർ തന്നെയാണ് പുതിയ കമ്മിറ്റിയിലും പ്രസിഡന്‍റും സെക്രട്ടറിയും. മറ്റ് ഭാരവാഹികളും പുതിയ കമ്മിറ്റിയിലുണ്ട്. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐ ജില്ല കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തിലാണ് ജില്ല ഘടകം പുനഃസംഘടിപ്പിച്ചത്. എം.പി ഓഫിസ് ആക്രമണം വിവാദമായതോടെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ജില്ല നേതൃത്വത്തെ തള്ളിപ്പറയുകയും ജില്ലയിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ജില്ല കമ്മിറ്റിക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ അന്ന് സമ്മതിച്ചിരുന്നു. കമ്മിറ്റി പിരിച്ചുവിട്ട് ജില്ല ജോയിന്‍റ് സെക്രട്ടറി എല്‍ദോസ് മത്തായി കണ്‍വീനറായി ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം ചുമതല നൽകുകയായിരുന്നു.
കമ്മിറ്റി പുനഃസംഘടിപ്പിച്ചത് സംഘടന പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ 'മാധ്യമ'ത്തോട് പറഞ്ഞു. വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതുകൊണ്ടാണ് അന്ന് നടപടിയെടുത്തത്. അതിന്റെ അർഥം അവരെ പൂർണമായി എസ്.എഫ്.ഐയിൽനിന്ന് മാറ്റിനിർത്തി എന്നല്ല. അവരെ തിരിച്ചുകൊണ്ടുവരാനുള്ള മാർഗങ്ങളുടെ ഭാഗമായാണ് അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചതെന്നും അനുശ്രീ പറഞ്ഞു. പ്രവർത്തകർക്ക് എം.പി ഓഫിസിൽ നടന്ന ആക്രമണത്തിൽ പങ്കില്ലെന്നാണ് പ്രതികളായവരെ വീണ്ടും സംഘടന ഭാരവാഹികളാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഒരു ചാനലിനോട് പ്രതികരിച്ചത്. എം.പി ഓഫിസ് ആക്രമണത്തിനിടെ ഗാന്ധിച്ചിത്രം തകർക്കപ്പെട്ട സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരെ ആഗസ്റ്റ് 19ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഓഫിസ് ആക്രമണ കേസ് പ്രതികളെത്തന്നെ ഭാരവാഹികളാക്കി കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ പ്രേരണയായതെന്നാണ് സൂചന. കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ ജയിൽ പരിസരത്ത് സ്വീകരണമൊരുക്കിയും നേരത്തെ എസ്.എഫ്.ഐ വിവാദത്തിലായിരുന്നു.
ജിഷ്ണു ഷാജിയെ ജില്ല സെക്രട്ടറിയായും ജോയൽ ജോസഫിനെ പ്രസിഡൻറായുമാണ് വീണ്ടും തെരഞ്ഞെടുത്തത്. സ്റ്റാലിൻ ജോഷി, എൽദോസ് മത്തായി, സാന്ദ്ര രവീന്ദ്രൻ എന്നിവരാണ് ജോ. സെക്രട്ടറിമാർ. അപർണ ഗൗരി, എം.എസ്. ആദർശ്, അശ്വിൻ ഹാഷ്മി എന്നിവരെ വൈസ് പ്രസിഡന്റുമാരായും വീണ്ടും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.