കൽപറ്റ: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല പട്ടയമേള മാനന്തവാടിയില്‍ റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഒണ്ടയങ്ങാടി സെന്റ് മാര്ട്ടിന് ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേളയില്‍ ജില്ലയിലെ 1203 ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായാണ് പട്ടയമേള. വെള്ളമുണ്ട വില്ലേജ് ഓഫിസിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും.
‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പട്ടയമേള സംഘടിപ്പിക്കുന്നത്. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിനും സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്നതിനും പ്രത്യേക കര്‍മപദ്ധതി തയാറാക്കിയതിലൂടെ ജില്ലയില്‍ രണ്ടുവര്‍ഷം കൊണ്ട് 1978 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ആദ്യ നൂറുദിനത്തില്‍ 412 പട്ടയങ്ങളും രണ്ടാം നൂറു ദിന പരിപാടിയിലൂടെ 1566 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
ഇ-ഗവേണന്‍സ് രംഗത്ത് ജില്ലക്ക് മികച്ച നേട്ടം കൈവരിക്കുന്നതിനായി പ്രവര്ത്തിച്ചവര്ക്കുള്ളസര്ട്ടിഫിക്കറ്റുകള് വനം മന്ത്രി എ.കെ. ശശീന്ദ്രന് വിതരണം ചെയ്യും. ഒ.ആര്. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.
എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്, ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ലാൻഡ് റവന്യൂ കമീഷണര്‍ ടി.വി. അനുപമ, ജില്ല കലക്ടര്‍ എ. ഗീത എന്നിവര്‍ പങ്കെടുക്കും. പത്മശ്രീ പുരസ്കാരം നേടിയ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.