പുൽപള്ളി: കോവിഡിനെ തുടർന്ന് കലാരംഗത്തുള്ളവർ വലിയൊരു അതിജീവനം നടത്തിക്കൊണ്ടിരിക്കുകയാണ്. ജീവിക്കാനായി പുത്തൻ മേച്ചിൽ പുറങ്ങൾ തേടിയവരിൽ ഒരാളാണ് പുൽപള്ളിയിലെ മേക്കപ് കലാകാരനായ സുശീലൻ. 30 വർഷമായി ഈ രംഗത്ത് സജീവമായ ആളാണ്. ഒരു വർഷത്തോളമായി പണിയില്ലാതായതോടെ ഇദ്ദേഹം മേക്കപ് സാമഗ്രികളുടെ കട സ്റ്റേഷനറി കടയാക്കി മാറ്റിയിരിക്കുകയാണ്.
സ്കൂൾ കലോത്സവങ്ങളിലും മറ്റും സംസ്ഥാനതലങ്ങളിൽ വരെ കുട്ടികളെ അണിയിച്ചൊരുക്കിയിരുന്ന വ്യക്തിയാണ്. കലാരംഗത്തെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചതോടെ മിക്കവരും മറ്റുപണികളിലേക്ക് മാറി. മിക്കവരും വർഷങ്ങളായി ഇത്തരം മേഖലകളിൽ പ്രവർത്തിച്ചുവരുന്നവരാണ്. പലർക്കും മറ്റ് പണികൾ ഒന്നും അറിയുകയുമില്ല. ഈ സാഹചര്യത്തിൽ ഉപജീവനത്തിനായി പാടുപെടുകയാണ് കലാരംഗത്ത് പ്രവർത്തിക്കുന്ന പലരും.
കോവിഡിനെ തുടർന്ന് കലാകാരന്മാർ പ്രതിസന്ധിയിലായതോടെ മേക്കപ് കലാകാരന്മാർക്ക് പണിയില്ലാതായിട്ട് ഒരു വർഷത്തോളമാകുന്നു. രോഗം പടരാതിരിക്കാൻ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കലാ പ്രദർശനങ്ങൾ എല്ലാം നിലച്ചിരിക്കുകയാണ്. സിനിമ മേഖലയിലും സ്കൂൾ കലോത്സവങ്ങളിലുമെല്ലാം പ്രതിഭകളെ അണിയിച്ചൊരുക്കുന്ന കലാകാരന്മാർ പട്ടിണിയിലാണ്. സ്കൂൾതല കലോത്സവം മുതൽ സംസ്ഥാനതല കലോത്സവം വരെ നടക്കേണ്ടിയിരുന്ന സമയമാണ് കടന്നുപോകുന്നത്. വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന കലാകാരന്മാർ ഭാവിക്കുമുന്നിൽ പകച്ചുനിൽക്കുകയാണ്.
മറ്റൊരു ഉത്സവകാലം കൂടി പടിവാതിൽക്കലെത്തി നിൽക്കുകയാണ്. എന്നാൽ, കാര്യങ്ങൾ ആശാവഹമല്ല. ഉത്സവാഘോഷങ്ങളിലും മറ്റും പ്രാദേശിക കലാപരിപാടികൾ ധാരാളമായി നടക്കാറുണ്ട്. നൃത്തനൃത്യങ്ങളും മറ്റും ഇവയിൽ ഉൾപ്പെടുന്നു. സമീപകാലത്തൊന്നും പരിപാടികൾ നടത്താനാവില്ലെന്ന സ്ഥിതിയാണ്. പലരും കടം വാങ്ങിയും മറ്റുമാണ് മേക്കപ് സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇവർ പണം തിരിച്ചടക്കാൻ പ്രയാസപ്പെടുകയാണ്. പ്രതീക്ഷകളുടെ കടക്കലാണ് കോവിഡ് കത്തിെവച്ചിരിക്കുന്നത്.
പലരും പുതിയ മേച്ചിൽപുറങ്ങൾ തേടുകയാണ്. കലാകാരന്മാരെ സഹായിക്കുന്നതിന് സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാകണമെന്നാണ് കലാരംഗത്തുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.