സുൽത്താൻ ബത്തേരി: സമഗ്ര ഗ്രാമീണ വികസനത്തിനായി വിഭാവന ചെയ്ത മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളും കൂലിയും വര്‍ധിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി. നെന്മേനി ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് കൂലി 400 രൂപയാക്കി ഉയര്‍ത്താനും തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തും. സാമൂഹിക ജീവിത മുന്നേറ്റത്തില്‍ വിപ്ലവം സൃഷ്ടിച്ച പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി.
കാര്‍ഷിക മേഖല ഉൾപ്പെടെ ഇതര മേഖലകളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പ്രാദേശിക തലത്തില്‍ വലിയ സ്വാധീനം ചെലുത്തിയ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച നെന്മേനി ഗ്രാമപഞ്ചായത്തിനെ രാഹുല്‍ ഗാന്ധി എം.പി. അഭിനന്ദിച്ചു. കോളിയാടി പാരീഷ് ഹാളില്‍ നടന്ന സംഗമത്തില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 60 വയസ്സ് കഴിഞ്ഞവര്‍ ഉള്‍പ്പെടെ 250 തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. തൊഴിലാളികളുടെ മിനിമം കൂലി 400 രൂപയാക്കി ഉയര്‍ത്തുക, ജനറല്‍ വിഭാഗങ്ങള്‍ക്കും വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക, മെറ്റീരിയല്‍ വര്‍ക്കുകളുടെ പണം ഉടന്‍ അനുവദിക്കുക, നെല്‍കൃഷി അടക്കമുള്ള കാര്‍ഷിക ജോലികളിലും തൊഴിലുറപ്പ് പദ്ധതി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം തൊഴിലാളികള്‍ എം.പിക്കു കൈമാറി.
മജീഷ്യന്‍ ജയന് ബത്തേരിയെ ആദരിച്ചു. ഖുതുബ് ബത്തേരി രചിച്ച പുസ്തകം എം.പിക്ക് കൈമാറി. ബത്തേരി അസംഷന്‍ എ.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അശ്വിന് വരച്ച രാഹുല്‍ ഗാന്ധിയുടെ ഛായാചിത്രം എം.പിക്ക് നല്കി. കെ.സി. വേണുഗോപാല്‍ എം.പി, ടി. സിദ്ദീഖ് എം.എല്‍.എ, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജയ മുരളി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് കെ.വി. ശശി, ആരോഗ്യ സ്ഥിരം സമിതി ചെയര്പേഴ്സൻ സുജാത ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് എടക്കല്‍ മോഹനന്, ജില്ല പഞ്ചായത്ത് അംഗം സീത വിജയന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ശശീന്ദ്രന്, വാര്‍ഡ് അംഗങ്ങളായ പി.ടി. ബേബി, സൈസുനത്ത് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.