സുൽത്താൻ ബത്തേരി: സൂര്യകാന്തിപ്പാടങ്ങളുടെ ശോഭ ആസ്വദിക്കാനായി ഇനി അതിർത്തി കടന്ന് ഗുണ്ടേൽപേട്ടിൽ പോകേണ്ടതില്ല, മൂലങ്കാവിലേക്ക് വന്നാൽ മതി. മഞ്ഞനിറത്തിലാറാടി നിൽക്കുന്ന സൂര്യകാന്തിപ്പാടം കാണാനാകും. മൂലങ്കാവ് ടൗണിനുസമീപം ദേശീയപാതയോരത്ത് കണ്ണിന് കുളിർമയേകുന്ന പൂപ്പാടമൊരുക്കിയത് അയൽക്കൂട്ടം പ്രവർത്തകരാണ്. വിരിഞ്ഞുനിൽക്കുന്ന പൂക്കൾ ആരെയും ആകർഷിക്കും.
സുൽത്താൻ ബത്തേരി നഗരസഭയുടെ സൗന്ദര്യവത്കരണവും പൂച്ചെടികളും എന്ന ആശയത്തിൽ ആകൃഷ്ടരായി മൂലങ്കാവ് സെൻറ് ജൂഡ് അയൽക്കൂട്ടമാണ് സൂര്യകാന്തി കൃഷിയിലേക്ക് ഇറങ്ങിയത്. പൂപ്പാടം ഒരുക്കുന്നതിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുത്തത് സുനിൽ റാത്തപ്പങ്ങളി, ഷാജി മുതിരക്കാലായിൽ, കുഞ്ഞേട്ടൻ കളപ്പുര എന്നിവരാണ്. സുൽത്താൻ ബത്തേരിയിലെ വസ്ത്രവ്യാപാരി മേക്കാടൻ അസീസ് വെള്ളവും മോട്ടോറും ഒരുക്കിക്കൊടുത്തു. മൂന്ന് മാസം കൊണ്ടാണ് ചെടി വളർന്ന് പൂക്കൾ വിരിഞ്ഞത്. കർണാടകയിലെ ഗുണ്ടേൽപേട്ടിൽ പോയാൽ പണം കൊടുത്തുവേണം സൂര്യകാന്തി പാടത്ത് കയറി ഫോട്ടോ എടുക്കാൻ.
മൂലങ്കാവിൽ ഒരു പണവും കൊടുക്കാതെ ആരുടേയും അനുവാദം വാങ്ങാതെ ആർക്കും പൂപ്പാടത്തിലെത്തി ഫോട്ടോ എടുക്കാനാകും. ലോക്ഡൗൺ നിയന്ത്രങ്ങൾ മാറുന്നതോടെ കൂടുതൽ സഞ്ചാരികളെത്തും.
സെൻറ് ജൂഡ് അയൽക്കൂട്ടത്തിെൻറ പ്രസിഡൻറ് സണ്ണി വിളക്കന്നേലും സെക്രട്ടറി വർഗീസ് മോളത്തുമാണ്. ജോണി കമ്പപ്പള്ളി, മാത്യു പുത്തൻപുര, ചിക്കോ വെള്ളാമറ്റം, തോമസ് കോട്ടക്കുടി, എൽദോ തോട്ടത്തിൽ, അപ്പച്ചൻ വിളക്കുന്നേൽ, തോമസ് പുത്തൻപുര, ജോഷി കോട്ടക്കുടി, തോമസ് പറക്കൽ, ബേബി കുമ്പപ്പണളി, തോമസ് കോട്ടക്കുടി, രാജൻ മലേക്കടി, സുനിൽ റാത്തപ്പള്ളി എന്നിവർ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.