സുൽത്താൻ ബത്തേരി: ബീനാച്ചിക്കടുത്തെ പൂതിക്കാട് കടുവയുടെ സാന്നിധ്യം വീണ്ടും. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ കൊന്നു. കടുവയുടെ ശല്യം തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ സ്ഥലത്തെത്തിയ വനം വകുപ്പ് ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. പ്രദേശത്ത് കടുവ എത്തുന്നത് പതിവായിട്ടും വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. തിങ്കളാഴ്ച വെളുപ്പിനാണ് പൂതിക്കാട് സ്വകാര്യ തോട്ടത്തിൽ കടുവ എത്തിയത്. കാട്ടുപന്നിയെ പിടികൂടുന്ന ശബ്്ദം പരിസരവാസികൾ കേട്ടിരുന്നു. കാപ്പിത്തോട്ടത്തിനുള്ളിൽ പകുതി ഭക്ഷിച്ച നിലയിലായിരുന്നു ജഡം.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ എത്തിയ വനം ജീവനക്കാരെ നാട്ടുകാർ വളഞ്ഞു. കാമറ വെച്ച് കടുവയെ നിരീക്ഷിക്കാനുള്ള നടപടി എടുക്കാമെന്ന വനം ഉദ്യോഗസ്ഥരുടെ വാക്കുകൾ നാട്ടുകാർ ചെവിക്കൊണ്ടില്ല. വൈകുന്നേരം വരെ നീണ്ട സംഘർഷങ്ങൾക്കൊടുവിലാണ് നാട്ടുകാർ പിരിഞ്ഞു പോയത്. ഒരു മാസം മുമ്പ് പൂതിക്കാട് സ്വദേശി ആലിയുടെ ആടിനെ കടുവ കൊന്നിരുന്നു. അതിനു ശേഷവും പല തവണ കടുവ എത്തി.
മൂന്നാഴ്ച മുമ്പ് മൂന്നു കടുവകളാണ് എത്തിയത്. അന്ന് ബീനാച്ചിയിൽ എത്തിയ കടുവകൾ പൂതിക്കാട് നിരവധി പേരുടെ കൃഷിയിടത്തിലൂടെ കയറിയിറങ്ങി. ബീനാച്ചി തോട്ടം പൂതിക്കാട് നിന്നും ഒന്നര കിലോമീറ്റർ അകലെയാണ്. തോട്ടത്തിൽ തമ്പടിച്ച കടുവകളാണ് പൂതിക്കാടും സ്ഥിരമായി എത്തുന്നത്. കടുവ എത്തുമ്പോഴൊക്കെ വനം വകുപ്പ് അധികൃതർ എത്തി ബീനാച്ചി തോട്ടത്തിലേക്ക് കയറ്റിവിട്ട് തിരിച്ചുപോകുകയാണ് പതിവ്.
കടുവയെ ഉടൻ പിടികൂടാത്തപക്ഷം ദേശീയപാത ഉപരോധമടക്കം സമരങ്ങളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് പൂതിക്കാട്, ബീനാച്ചി പ്രദേശ വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.