‘ചെലോൽക്ക് റെഡിയാകും. എനിക്ക് റെഡിയായില്ല. അതില് എനിക്ക് ഒരു കൊയപ്പോല്ല..ജയ് കോൺഗ്രസ്​’ എന്ന കുറിപ്പിനൊപ്പം ഷാജി ചുള്ളിയോട് വാട്സ് ആപ്പിൽ പ്രചരിപ്പിച്ച ചിത്രം

സ്​ഥാനാർഥിയാകാൻ കഴിഞ്ഞില്ല: സമൂഹ മാധ്യമങ്ങളിൽ ഷാജി സ്​റ്റാറാ

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്ത് യു.ഡി.എഫിലെ പ്രമുഖ നേതാവാണ് ഷാജി ചുള്ളിയോട്. പതിറ്റാണ്ടുകളുടെ പൊതു പ്രവർത്തന പാരമ്പര്യമുണ്ട്. ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശപ്പെടേണ്ടിവന്നു.

കൂടുതൽ കളിക്കാനറിയുന്നവർ സീറ്റ് കൊണ്ടുപോയപ്പോൾ ഈ കോൺഗ്രസുകാരൻ പാർട്ടിയെ തള്ളിപ്പറയാനോ പ്രതിഷേധിക്കാനോ തയാറായില്ല. പകരം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമായി പാർട്ടി സ്​ഥാനാർഥികൾക്കുവേണ്ടി പ്രചാരണം നടത്തുകയാണ്.

'ചെലോൽക്ക് റെഡിയാകും. എനിക്ക് റെഡിയായില്ല. അതില് എനിക്ക് ഒരു കൊയപ്പോല്ല..ജയ് കോൺഗ്രസ്​' എന്ന് ഷാജി സോഷ്യൽ മീഡിയയിൽ കുറിക്കുമ്പോൾ അത് ചിലരെ അസ്വസ്​ഥരാക്കുന്നുണ്ട്.

ഇത്തവണ സുൽത്താൻ ബത്തേരി ബ്ലോക്കിലെ കോളിയാടി, അമ്പുകുത്തി ഡിവിഷനുകളിൽ ഷാജിയുടെ പേരുണ്ടായിരുന്നെങ്കിലും അവസാന റൗണ്ടിൽ വെട്ടിനിരത്തി. നെന്മേനിയിലെ സകല യു.ഡി.എഫ് സ്ഥാനാർഥികളുടെയും ചിത്രത്തോടൊപ്പം തന്നെ പടവും ചേർത്താണ് നവ മാധ്യമങ്ങളിലൂടെ വോട്ട് പിടിക്കുന്നത്. നാടിനെ സേവിക്കാൻ, ജനപ്രതിനിധിയായില്ലെങ്കിലും സാധിക്കുമെന്നാണ് ഷാജിയുടെ പക്ഷം. ഡി.സി.സി മെംബർ, നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം എന്നീ സ്​ഥാനങ്ങൾ വഹിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.