സുൽത്താൻ ബത്തേരി: ലോക്ഡൗൺ രണ്ടാഴ്ച പിന്നിട്ടപ്പോൾ സുൽത്താൻ ബത്തേരിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി സൂചന. ദിവസം 120 വരെ പുതിയ രോഗികൾ ഉണ്ടായിരുന്നിടത്ത് ശനിയാഴ്ച 59 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി 22.5ലേക്ക് കുറഞ്ഞതും ആശ്വസിക്കാൻ വക നൽകുന്നു. അടച്ചിട്ടതോടെ സമ്പർക്കത്തിനുള്ള സാധ്യത ഇല്ലാതായതാണ് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകാത്തതിന് കാരണമെന്ന് കരുതുന്നു. എന്നാൽ, 1200ലേറെ രോഗികൾ നിലവിലുള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ കോവിഡ് കണക്കിൽ ജില്ലയിൽ ഒന്നാമത് സുൽത്താൻ ബത്തേരി തന്നെയാണ്.
രോഗികളുടെ ആകെ എണ്ണം 600ന് മുകളിലായതോടെയാണ് നഗരസഭ പരിധി അടച്ചിടാൻ തീരുമാനിച്ചത്. 35 ഡിവിഷനുകളിലും മേയ് ഒന്നുമുതൽ ഹർത്താൽ പ്രതീതിയാണ്. നഗരത്തിലേക്ക് എത്തുന്നവരെ വ്യക്തമായ കാരണം ബോധിപ്പിക്കാതെ കടത്തിവിടുന്നില്ല. തുറക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നതോടെ നഗരം വിജനമാകുകയായിരുന്നു.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് ഏറെ ആളുകൾ എത്തുമെന്നതാണ് സുൽത്താൻ ബത്തേരിയുടെ പ്രത്യേകത. അതിർത്തികളിൽ കർശന പരിശോധന നടപ്പാക്കിയതോടെ ഇതര സംസ്ഥാനത്തുനിന്നും ഇവിടേക്ക് ആളുകൾ എത്താതായി. നഗരത്തിലും ബീനാച്ചി, മൂലങ്കാവ് തുടങ്ങിയ അടുത്ത കവലകളിലും പൊലീസെത്തി ആൾക്കൂട്ടങ്ങളെ വിരട്ടിയോടിച്ച സംഭവങ്ങൾ പല തവണയുണ്ടായി.
ഈ രീതിയിലുള്ള ഇടപെടൽ മറ്റിടങ്ങളിലും ഉണ്ടായി. ഇതോടെ, ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കുറഞ്ഞു. ദിവസക്കൂലിക്കാരുടെയും കച്ചവടക്കാരുടെയും സ്ഥിതി രണ്ടാഴ്ചയിലേറെയായി പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.