സുൽത്താൻ ബത്തേരി: കർഷകരിൽനിന്ന് വാങ്ങുന്ന പഴം-പച്ചക്കറി ഉൽപന്നങ്ങൾ കച്ചവടക്കാർക്ക് വിൽക്കുന്ന രീതിയാണ് ഗ്രാമീണ മൊത്ത വിപണനകേന്ദ്രത്തിലുള്ളത്. 16 ഇനം പച്ചക്കറികളാണ് ഇവിടെ ന്യായവിലയ്ക്ക് എടുക്കുന്നത്. ഇതിനായി ഹോർട്ടികോർപ്പിൽ രജിസ്റ്റർ ചെയ്യണം. ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമുള്ള കർഷകർക്ക് ഉൽപന്നങ്ങൾ എത്തിക്കാം. കൂടുതൽ എത്തുന്നത് നേന്ത്രക്കായയാണ്.
കുരുമുളക്, കാപ്പി, ഇഞ്ചി, ചേന, കാന്താരി, പച്ചമുളക്, പപ്പായ, ചേമ്പ്, കാച്ചിൽ, പയർ, ചീര എന്നിവയൊക്കെ എത്തുന്നുണ്ട്. ഏപ്രിൽ മാസത്തിലാണ് പച്ചക്കറി കൂടുതൽ എത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉൽപന്നങ്ങൾ എത്തിക്കാൻ കിലോക്ക് രണ്ട് രൂപ തോതിൽ വണ്ടിക്കൂലിയും കർഷകർക്ക് കൊടുക്കുന്നുണ്ട്. ഉൽപാദിപ്പിക്കുന്ന പച്ചക്കറി കർഷകരുടെ തോട്ടങ്ങളിൽ പോയി സ്വകാര്യ കച്ചവടക്കാർ നേരിട്ട് വാങ്ങുമ്പോൾ പരമാവധി ലാഭത്തിലെടുക്കാനാണ് കച്ചവടക്കാർ ശ്രമിക്കുക. പലപ്പോഴും കർഷകന് നഷ്ടമുണ്ടാകും. കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെത്തിച്ചാൽ അതുണ്ടാവില്ല. ന്യായമായ വില കർഷകന് ലഭിക്കും.
അമ്മായിപ്പാലത്തെ ലേല ഹാളിലെത്തിക്കുന്ന ഉൽപന്നങ്ങൾ ലേലത്തിലൂടെയാണ് കർഷകൻ വിൽക്കേണ്ടത്. വാങ്ങുന്ന കച്ചവടക്കാരനും ലേലത്തിൽ പങ്കെടുക്കണം. പച്ചക്കറികളുടെ ഗുണനിലവാരം വലിയ ഘടകമാണ്. ശാസ്ത്രീയമായ പരിശോധനയാണ് ഇവിടെ നടക്കുക. വാങ്ങുന്നയാൾക്ക് നിശ്ചിത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ കിട്ടുന്നുവെന്നതും പ്രത്യേകതയാണ്. ഫെബ്രുവരി ആദ്യവാരം ഉണ്ടക്കാപ്പി കിലോ 82 രൂപ തോതിലാണ് അമ്മായിപ്പാലം മാർക്കറ്റിൽ സംഭരിച്ചത്. പൊതു മാർക്കറ്റിലെ മലഞ്ചരക്ക് കടകളിൽ 70 രൂപ വിലയുള്ളപ്പോഴാണ് കൂടിയ വിലയ്ക്ക് കാപ്പി സംഭരിച്ചത്.
ഇതോടെ പൊതുവിപണിയിലെ കച്ചവടക്കാർ കാപ്പി വില കൂട്ടി എടുക്കാൻ നിർബന്ധിതരായി. സർക്കാർ പണം കൊടുത്താലേ ഈ രീതിയിലുള്ള സംഭരണം നടക്കൂ. ഈ വർഷം 455 ടൺ കാപ്പി സംഭരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ജില്ലയിൽ 67,000 ഹെക്ടറിലാണ് കാപ്പി കൃഷിയുള്ളത്. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് ഒരു ടൺ കാപ്പി ഉൽപാദിപ്പിക്കാം. സ്വാഭാവികമായും 455 ടൺ കാപ്പി മാത്രം സർക്കാർ സംഭരിക്കുമ്പോൾ ബഹുഭൂരിപക്ഷം കർഷകർക്കും വിപണന കേന്ദ്രത്തിൽ കാപ്പി എത്തിക്കാനാവില്ല. ജില്ലയിലെ ആകെ ഉൽപാദനത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് 455 ഹെക്ടർ എന്നത്. വലിയ തോതിൽ ഫണ്ട് അനുവദിച്ചാൽ ജില്ലയിലെ കാപ്പി കർഷകർക്ക് അതനുസരിച്ച് ഗുണമുണ്ടാകും.
പച്ചക്കറിയുടെ കാര്യത്തിൽ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെയാണ് ബഹുഭൂരിപക്ഷം കച്ചവടക്കാരും ആശ്രയിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സാധനം കിട്ടുമെന്നതാണ് കച്ചവടക്കാരുടെ നേട്ടം. പച്ചക്കറികൾക്ക് പൊതുമാർക്കറ്റിൽ അമിതമായി വില കൂടുമ്പോൾ ഹോർട്ടികോർപിന്റെ നേതൃത്വത്തിൽ വിപണന കേന്ദ്രത്തിൽ സംഭരണം തുടങ്ങും. ഹോർട്ടികോർപ് ഇത് നേരിട്ട് പൊതുമാർക്കറ്റിൽ എത്തിക്കുമ്പോൾ അമിത വിലയ്ക്ക് വിൽക്കുന്നവർക്ക് വില കുറയ്ക്കേണ്ടി വരുന്നു. അതിനാൽ ഗ്രാമീണ മൊത്ത വിപണന കേന്ദ്രത്തിലെ പ്രധാന 'ട്രേഡർ' ഹോർട്ടികോർപാണെന്ന് പറയാം.
കർഷകരുടെ ഉൽപന്നങ്ങൾ ഇന്ത്യയിൽ എവിടേയുമുള്ള കച്ചവടക്കാർക്കും വിൽക്കാനുള്ള ഓൺലൈൻ ലേല സംവിധാനം അമ്മായിപ്പാലത്തും ഉടൻ നടപ്പാകും. കുരുമുളക്, കാപ്പി, ഇഞ്ചി, മഞ്ഞൾ എന്നിവയൊക്കെ ഈ രീതിയിൽ കർഷകന് ദൂരെയുള്ള കച്ചവടക്കാരന് വിൽക്കാം. വിപണന കേന്ദ്രത്തിലെത്തിക്കുന്ന ഉൽപന്നം ഗുണനിലവാരം നോക്കി തരം തിരിക്കും. ടെസ്റ്റ് റിസൽറ്റും ഉൽപന്നവും ലേല ഹാളിലെ ഇലട്രോണിക് സ്ക്രീനിൽ പ്രദർശിപ്പിക്കും. ഓൺലൈനിൽ ഇത് ദൂരെയുള്ള കച്ചവടക്കാർക്കും കാണാം. ലേലം ഉറപ്പിച്ചാൽ കർഷകന്റെ അക്കൗണ്ടിൽ പണം എത്തിയതിനു ശേഷമേ ചരക്ക് കൊണ്ടു പോകാനാകൂ.
ഇലക്ട്രോണിക് നാഷനൽ അഗ്രിക്കൾച്ചർ മാർക്കറ്റ് (ഇ.എൻ.എ.എം) എന്ന ഈ ഓൺലൈൻ സംവിധാനത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. കർഷകന് നേരിട്ട് കച്ചവടക്കാരനുമായി ബന്ധപ്പെടാനുള്ള അവസരമാണ് ഓൺലൈനിൽ ഉണ്ടാകുന്നത്. ലേലത്തിൽ പങ്കെടുത്ത് ചരക്ക് വാങ്ങുന്ന കച്ചവടക്കാർക്കായി കടമുറികളും മൊത്ത വിപണന കേന്ദ്രത്തിലുണ്ട്.
18 കടമുറികളാണ് കച്ചവടക്കാർക്ക് വാടകക്ക് കൊടുക്കാനായി നീക്കിവെച്ചിട്ടുള്ളത്. 11 മാസത്തെ ധാരണയിലാണ് മുറികൾ കൊടുക്കുക. ഇത് സജീവമല്ലാത്ത അവസ്ഥയിലാണ്. ഒറ്റക്കുള്ള കച്ചവടക്കാർക്ക് കൊടുക്കുന്നതിലും കർഷക ഗ്രൂപ്പുകൾക്ക് കൊടുക്കാനാണ് അധികൃതർ താൽപര്യം കാണിക്കുന്നത്. മുറികളിൽ മിക്കതും അടഞ്ഞുകിടക്കുകയാണിപ്പോൾ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.