മുമ്പുണ്ടായിരുന്ന വഴി കമ്പിവേലി കെട്ടി അടച്ച നിലയിൽ

ആദിവാസി ചോലനായ്ക്ക കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന നടപ്പാത റിസോർട്ടുടമ കെട്ടി അടച്ചു

മൂപ്പൈനാട്: റിപ്പൺ വാളത്തൂർ ബാലൻകുണ്ടിൽ താമസിക്കുന്ന ആദിവാസി ചോലനായ്ക്ക കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഉപയോഗിച്ചു വന്നിരുന്ന നടപ്പാത സ്വകാര്യ റിസോർട്ടുകാർ കമ്പിവേലി കെട്ടി അടച്ചു. ഇതോടെ ആദിവാസികൾക്ക് വീട്ടിലെത്താൻ ദുർഘട വഴി മാത്രം. റോഡിൽ നിന്ന് സ്വകാര്യ ഭൂമിയിലൂടെ വനത്തിൽ പ്രവേശിച്ച് നടന്നു വേണമായിരുന്നു ഇവർക്ക് വീട്ടിലെത്താൻ. സ്വകാര്യ ഭൂമി റിസോർട്ടുകാർ വാങ്ങി കമ്പിവേലി കെട്ടി അടച്ചതോടെയാണ് ആദിവാസി കുടുംബങ്ങൾ ദുരിതത്തിലായത്.

പകരം ഈ ഭാഗത്ത് വനത്തിലെ അടിക്കാട് വെട്ടി തൽക്കാലം ഇവർക്ക് നടക്കാൻ ഒരു ഊടുവഴിയാണ് അവർ തെളിച്ചു കൊടുത്തത്. എന്നാൽ, അതിലൂടെ നടക്കുകയെന്നത് ദുഷ്​കരമാണ്. മുക്കാൽ കിലോ മീറ്ററോളം കിഴുക്കാംതൂക്കായ പാറക്കെട്ടുകളും മണ്ണിടിഞ്ഞ ഭാഗങ്ങളും താണ്ടി വേണം ഇവർക്ക് സഞ്ചരിക്കാൻ. ഉൾവനത്തിലെ ബാലൻ കുണ്ടിൽ മുള കൊണ്ട് മറച്ച ഒറ്റ ഷെഡിലാണ് ഒന്നിലധികം കുടുംബങ്ങളിൽപ്പെട്ട കുട്ടികളും സ്ത്രീകളുമടക്കം 12ഓളം അംഗങ്ങൾ കഴിയുന്നത്. വീട്ടിൽ നിന്ന് പുറത്തുപോയി തിരികെ എത്തണമെങ്കിൽ വനത്തിലൂടെയുള്ള ദുർഘട ഊടുവഴികളിലൂടെ സാഹസികമായി സഞ്ചരിക്കണം. 

വനത്തിൽ കോൺക്രീറ്റ് പോലുള്ള നിർമാണപ്രവർത്തനങ്ങൾ നടത്താൻ അനുമതിയില്ലാത്തതിനാൽ ഒരു വഴിയുണ്ടാക്കിക്കൊടുക്കാൻ ഗ്രാമപഞ്ചായത്തിനും നിവൃത്തിയില്ല. പ്രാക്തന ഗോത്ര വിഭാഗത്തിൽപ്പെടുന്ന ഇവരുടെ മുൻ തലമുറയിൽപ്പെട്ടവരടക്കം ഉപയോഗിച്ചിരുന്ന വഴിയാണിവർക്ക് റിസോർട്ട് വന്നതോടെ നഷ്​ടമായത്. സ്ത്രീകളും കുട്ടികളുമൊക്കെ ഇപ്പോഴുള്ള ദുർഘടമായ ഊടുവഴിയിലൂടെ കിഴുക്കാം തൂക്കായ മലയിറങ്ങുന്നത് പേടിപ്പെടുത്തുന്ന കാഴ്​ചയാണ്.

Tags:    
News Summary - The resort owner has closed the sidewalk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.