കൽപറ്റ: തോട്ടങ്ങളിലെ ഉറുമ്പുകളെക്കുറിച്ചുള്ള നിരീക്ഷണവും പഠനവും ആദിത്യ ബിജുവിനും പി.എസ്. വിഷ്ണുപ്രിയക്കും വഴികാട്ടിയത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്. 29ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കേരളത്തെ പ്രതിനിധാനംചെയ്ത് അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിലെ ഈ ഒമ്പതാം ക്ലാസ് വിദ്യാർഥിനികൾ പങ്കെടുക്കും. സംസ്ഥാന തല മത്സരത്തിൽ അവതരിപ്പിക്കപ്പെട്ട 90 ഓളം പ്രോജക്ടുകളിൽനിന്നും മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്.
'കാപ്പിത്തോട്ടത്തിലെ ജൈവവൈവിധ്യം ഉറുമ്പുകളിലൂടെ' എന്ന വിഷയത്തിലാണ് ഇവർ പ്രോജക്ട് അവതരിപ്പിച്ചത്. ഇരുവരും ആദ്യമായാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്. കൽപറ്റയിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ ഹ്യൂം സെൻറർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയിലെ സയൻസ് കോഓഡിനേറ്റർമാരായ ദിവ്യ മനോജ്, ആതിര സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഉറുമ്പുകളുടെ വൈവിധ്യം സൂചകമായെടുത്ത് കാപ്പിത്തോട്ടത്തിലും റബർ തോട്ടത്തിലുമായി നടത്തിയ താരതമ്യ പഠനമാണ് വിദ്യാർഥികളെ ദേശീയ കോൺഗ്രസിലേക്ക് എത്തിച്ചത്.
ആവാസവ്യവസ്ഥ എന്ന നിലയിൽ ഉറുമ്പുകളുടെ വൈവിധ്യം നിലനിർത്തുന്നതിലും അനുബന്ധ സസ്യ-ജന്തുവൈവിധ്യം നിലനിർത്തുന്നതിലും റബർ തോട്ടങ്ങളെ അപേക്ഷിച്ച് കാപ്പിത്തോട്ടങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഒരു പ്രദേശത്തെ ജൈവസമ്പന്നതയുടെ അടയാളപ്പെടുത്തലാണ് ഉറുമ്പുകൾ എന്നുമാണ് കുട്ടികൾ പഠനത്തിലൂടെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.