പടിഞ്ഞാറത്തറ: 'കാപ്പിത്തോട്ടത്തിൽനിന്ന് ഒന്ന് തിരിഞ്ഞുനടക്കുന്നതിനിടെ ഒരു ചാട്ടമായിരുന്നു കണ്ടത്. ചാട്ടം ഒരൽപ്പം കൂടെ മുന്നോട്ടായിരുന്നെങ്കിൽ ഇന്ന് താനും ഭാര്യയും ജീവനോടെയുണ്ടാകുമായിരുന്നില്ല'. കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കുപ്പാടിത്തറ നടമ്മൽ കേളോത്ത് മൊയ്തുവിന്റെ വാക്കുകളാണിത്.
ഇത് പറയുമ്പോഴും കൺമുന്നിൽ സംഭവിച്ച അവിശ്വസനീയമായ സംഭവങ്ങളുടെ ഞെട്ടൽ മൊയ്തുവിനും ഭാര്യ ജമീലക്കും മാറിയിരുന്നില്ല. പുതുശ്ശേരി വെള്ളാരംകുന്നിൽ പള്ളിപുറത്ത് തോമസിനെ (50) ആക്രമിച്ച് കൊന്ന കൊലയാളി കടുവ 20ലധികം കിലോമീറ്റർ അകലെയായുള്ള ജനവാസ കേന്ദ്രമായ കുപ്പാടിത്തറയിലെ നടമ്മലിൽ എത്തുമെന്ന് ആരും ഒരിക്കൽ പോലും വിശ്വസിച്ചിരുന്നില്ല.
ഒരു കുരങ്ങുപോലും വരാത്ത സ്ഥലത്താണ് കടുവയിറങ്ങി നാട്ടുകാരെ മുൾമുനയിൽ നിർത്തിയത്. കുപ്പാടിത്തറയിലെ നടമ്മലിലെ വീടിന് മുകളിലായുള്ള കാപ്പിത്തോട്ടത്തിൽ രാവിലെ കാപ്പി പറിക്കാൻ പോയതായിരുന്നു മൊയ്തുവും ഭാര്യ ജമീലയും.
മഞ്ഞുള്ളതിനാൽ ദൂരയുള്ളതൊന്നും കാണാനായിരുന്നില്ല. രാവിലെ 7.45ഓടെയാണ് കാപ്പിപറിക്കുന്നതിനിടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടുവ ആക്രമിക്കുന്നതിനായി ചാടിയത്. ഇതുകണ്ട് ഞെട്ടിപ്പോയ മൊയ്തുവും ഭാര്യ ജമീലയും അലറി.
ചാട്ടം രണ്ടടി വ്യത്യാസത്തിൽ പിഴച്ചതോടെ ബഹളം കേട്ട കടുവ ഓടിമറയുകയായിരുന്നുവെന്ന് മൊയ്തു പറഞ്ഞു. രണ്ടു തട്ടിലായുള്ള തോട്ടത്തിന്റെ താഴേ ഭാഗത്തുനിന്നുമാണ് മുകൾഭാഗത്തുനിൽക്കുകയായിരുന്ന മൊയ്തുവിനെയും ഭാര്യ ജമീലയെയും ആക്രമിക്കാൻ നോക്കിയത്.
അതിനാൽ തന്നെ ചാടിയ ഒറ്റച്ചാട്ടത്തിൽ കടുവക്ക് ഇവരെ ആക്രമിക്കാനായില്ല. ശ്വാസം നിലച്ചുപോകുന്ന അവസ്ഥയിൽ തോട്ടത്തിൽ തളർന്നിരുന്നുപോയ ജമീലയെ താങ്ങിയെടുത്ത് മൊയ്തു ഉടനെ തന്നെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് മകൻ ജാസിറിനെയും മറ്റുള്ളവരെയും അറിയിച്ചു.
ഇവർ ഉടൻ തന്നെ കടുവയിറങ്ങിയ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ജാസിർ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വിവരം അറിയിച്ചു. ഉടൻ തന്നെ പടിഞ്ഞാറത്ത പൊലീസ് സ്ഥലത്തെത്തി.
തോട്ടത്തിൽനിന്നും ഓടിപ്പോയ കടുവ താഴെയുള്ള രണ്ടേക്കറോളമുള്ള കാഞ്ഞായി ഇബ്രാഹിമിന്റെ വാഴത്തോട്ടത്തിലാണ് പിന്നീട് മൂന്നുമണിക്കൂറോളമിരുന്നത്. ദൈവാനുഗ്രഹംകൊണ്ടുമാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടതെന്നും കടുവയെ പിടികൂടിയതോടെ ആശ്വാസമായെന്നും ജമീലയും മൊയ്തുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.