വെള്ളമുണ്ട: ഇരുകാലുകളും ചലിച്ചില്ലെങ്കിലും മനക്കരുത്തിൽ തെരഞ്ഞെടുപ്പുഗോദയിൽ സജീവമായൊരു സ്ഥാനാർഥി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കമൽ തുരുത്തിയിലാണ് വാഹനത്തിലിരുന്ന് വോട്ടർമാരോട് സംവദിക്കുന്നത്. ഇരുകാലുകൾക്കും ചലനശേഷി ഇല്ല എന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമലിന് തടസ്സമായില്ല. നാമനിർദേശപത്രിക സമർപ്പിച്ചതു മുതൽ സുഹൃത്തുക്കളുടെ സഹായത്താൽ പ്രചാരണരംഗത്ത് സജീവമാണ്.
വാഹനം പോകുന്ന ഇടങ്ങളിലെല്ലാം വോട്ട് തേടിയെത്തുന്നുണ്ട്. വാഹനമെത്താത്ത ഇടങ്ങളിലെ വോട്ടർമാരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ച് വോട്ട് ചോദിക്കും. പരിമിതികൾ മറികടന്ന് കഴിഞ്ഞ കാലങ്ങളിൽ ജനസേവനങ്ങളിൽ പ്രദേശത്ത് സജീവമായിരുന്ന മുഖമാണ് കമൽ. പുസ്തകമായും ഭക്ഷ്യകിറ്റായും ചികിത്സ സഹായമായും ഒട്ടേറെ സേവനപ്രവർത്തനങ്ങൾ സുഹൃത്തുക്കളുടെ സഹായത്താൽ വാർഡിലും പരിസരങ്ങളിലും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ജയിച്ചാലും പരാജയപ്പെട്ടാലും അത് തുടരുമെന്നും നാടിെൻറ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായുള്ള ഭൂമിയിൽ തന്നാലാവുംവിധം കൃഷിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നത്.
കൃഷിപ്പണിക്കുശേഷം ലഭിക്കുന്ന മുഴുവൻ സമയവും ജനസേവനത്തിനായി മാറ്റിവെക്കുന്നു. കഴിഞ്ഞ തവണ ഇടതുപക്ഷം ജയിച്ച വാർഡിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമൽ. മറ്റൊരു സ്വതന്ത്രനടക്കം അഞ്ചു സ്ഥാനാർഥികളാണ് ഇവിടെയുള്ളത്. 1056 വോട്ടർമാരുള്ളതിൽ 70 ശതമാനത്തിലധികം പേരെയും ബന്ധപ്പെട്ട് ഇതിനകം വോട്ട് അഭ്യർഥിച്ചിട്ടുണ്ട്. തുരുത്തിയിൽ ജോസഫിെൻറയും ഏലിയാമ്മയുടെയും മകനാണ്.
ഭാര്യ സിനുവിെൻറയും മക്കളായ ആൻമരിയ, എയ്ഞ്ചൽ മരിയ, എയിബൽ എന്നിവരുടെയും പൂർണ പിന്തുണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.